‘ലഹരിസംഘാംഗങ്ങള്‍ ലിഗയെ കണ്ടിരുന്നു’

തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കസ്റ്റഡിയിലുള്ള നാലുപേര്‍, ലിഗയെ കണ്ടിരുന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് യോഗാപരിശീലകന്‍ അനില്‍കുമാര്‍ പറഞ്ഞു. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണ്.

ലിഗയുടെ മൃതദേഹം കാണപ്പെട്ട കാട് ഇവരുടെ താവളമാണ്. ഇവര്‍ സുഹൃത്തുക്കളാണെന്നും അനില്‍കുമാര്‍ വെളിപ്പെടുത്തി. യോഗാപരിശീലകനായ അനില്‍കുമാറിനെ പൊലീസ് രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വിട്ടയയ്ക്കുകയായിരുന്നു.

ഇതിന് ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്‍മാര്‍ ഉള്‍പ്പെടെ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേരിലെല്ലാം മറ്റുപല കേസുകളുമുണ്ട്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

എന്നാല്‍ ഇവര്‍ പലതും മറച്ചുവെച്ച് പൊലീസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവ ദിവസം ഇവര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് അന്വേഷിച്ചു. എന്നാല്‍ ഇതെല്ലാം കളവാണെന്നാണ് ബോധ്യപ്പെട്ടത്.

അക്രമിസംഘം ലിഗയെ പാട്ടിലാക്കി കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. മദ്യപിച്ച സംഘം ലിഗയ്ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചെന്നും ലിഗ പ്രത്യാക്രമണം നടത്തിയപ്പോള്‍ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതാകാമെന്നുമാണ്‌ പൊലീസ് കണ്ടെത്തല്‍.

തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്താന്‍ കെട്ടിത്തൂക്കുന്നതിനിടെ താഴേക്ക് ഊര്‍ന്നുവീണാതാകാം എന്നും പൊലീസ് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here