ലിഗാ കേസില്‍ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം : കോവളത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ കൊലയാളികളെ കണ്ടെത്തിയതായി സൂചന. കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ച ഒരു യോഗാ പരിശീലകനും മറ്റു രണ്ട് പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യോഗ പരിശീലകനായ ഇയാള്‍ ടൂറിസ്റ്റ് ഗൈഡ് കൂടിയാണ്. ലിഗ കൊലപ്പെടുന്നതിന് മുന്‍പ് ദിവസങ്ങളോളം യുവതി ഇയാളോടൊപ്പം പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മറ്റു രണ്ടു പേര്‍ പ്രദേശത്ത് ലഹരി ഉപയോഗത്തിന് എത്തിയവരാണ്. ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ചതിന് ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകായെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്നുള്ള ആക്രമണത്തെ തുടര്‍ന്ന് കഴുത്തിനേറ്റ കനത്ത ക്ഷതമാണ് യുവതിയുടെ മരണ കാരണമെന്ന പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ശരീരത്തില്‍ പത്തിലേറെയിടങ്ങളില്‍ മുറിവുകളുണ്ട്. എന്നാല്‍ കൊലയ്ക്ക് ആയുധങ്ങള്‍ ഉപയോഗിച്ചില്ലായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചവിട്ടും മര്‍ദ്ദനമേറ്റുമാണ് മുറിവുകള്‍ ഉണ്ടായിരിക്കുന്നത്. മൃതദേഹത്തിന് പഴക്കമുള്ളത് കൊണ്ട് തന്നെ കൊലപ്പെടുന്നതിന് മുന്‍പ് യുവതി മാനഭംഗപ്പെട്ടിരുന്നോവെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ലിഗയുടെ ശരീരം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാരുടെ നിഗമനം. മരണത്തിന് കാരണമാകുന്ന വിധം കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ട്.

തൂങ്ങി മരണത്തില്‍ തരുണാസ്ഥികള്‍ പൊട്ടാറില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളുണ്ട്. ഇടുപ്പെല്ലിലെ ക്ഷതവും ബലപ്രയോഗത്തിന്റെ സൂചനയായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രദേശത്ത് ലഹരി ഉപയോഗിക്കാനായെത്തുന്ന അഞ്ചു പേര്‍ നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. വിഷാദരോഗത്തിന് ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാകുന്നത്. തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞദിവസം തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here