സജീഷേട്ടാ,മക്കളെ നന്നായി നോക്കണേ…

കോഴിക്കോട് : ‘സജീഷേട്ടാ, Am Almost On The Way, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, Sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്. please. With Lots Of Love, മരണക്കിടക്കയില്‍ നിന്ന് ലിനി ഇങ്ങനെയെഴുതി.

നിപ്പാ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ പനിബാധിതയായി ലിനി മരണപ്പെടുകയായിരുന്നു. ജീവിതത്തിലേക്ക് ഇനി തിരിച്ചുവരവില്ലെന്ന തിരിച്ചറിവില്‍ എഴുതിയ വാക്കുകളാണിത്. അഞ്ചുവയസ്സുകാരന്‍ റിഥുലിനെയും രണ്ടുവയസ്സുകാരന്‍ സിദ്ധാര്‍ത്ഥിനെയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ തേങ്ങുകയാണ് ആ നാട്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. കോഴിക്കോട് ചെമ്പനോട സ്വദേശിനിയാണ്. ജോലിക്കുപോയ അമ്മയെ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ഈ കുരുന്നുകള്‍. അമ്മയെ കാണണമെന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കരയുമ്പോള്‍ നെഞ്ചടര്‍ന്ന് തേങ്ങുകയാണ് ബന്ധുക്കള്‍.

ജോലിത്തിരക്ക് കാരണം അമ്മ ആശുപത്രിയിലാണെന്ന് കുട്ടികളെ വീട്ടുകാര്‍ വിശ്വസിപ്പിച്ചിരിക്കുകയാണ്. പനി ബാധിച്ച് ലിനി ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോഴാണ് ബഹ്‌റൈനില്‍ നിന്ന് സജീഷ് പറന്നെത്തിയത്.

വെന്റിലേറ്ററിലായിരുന്ന ലിനിയെ പുറത്തുനിന്ന് ഒരുനോക്ക് കാണാനേ സജീഷിന് കഴിഞ്ഞുളളൂ. വൈറസ് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ആ മാലാഖയുടെ മൃതദേഹം വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

ആറുവര്‍ഷം മുന്‍പായിരുന്നു ലിനിയുടെയും സജീഷിന്റെയും വിവാഹം. ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് വടകര സ്വദേശിയായ സജീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here