പാര്‍ക്ക് ഉടമയെ കടിച്ച് കുടഞ്ഞ് സിംഹം

തബാസിംബി: കൂട്ടിനുള്ളിലേയ്ക്ക് കയറിയ പാര്‍ക്ക് ഉടമയെ കടിച്ച് കുടയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സിംഹം ഇയാളെ ആക്രമിക്കുന്നതും കഴുത്തില്‍ കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റര്‍ പാര്‍ക്കിലാണ് സംഭവം.

ഇരുമ്പ് ഗേറ്റുകളുടെ വാതില്‍ തുറന്ന് അകത്ത് കയറിയ വന്യജീവി പാര്‍ക്കിന്റെ ഉടമ മൈക്ക് ഹോഡ്‌ഗെ (67)യെയാണ് സിംഹം കടിച്ചെടുത്തത്. തീറ്റ കഴിച്ച ശേഷം കൂട്ടിനുള്ളിലേയ്ക്ക് സിംഹം കയറിയതിന് പിന്നാലെയാണ് പാര്‍ക്ക് ഉടമ ഇരുമ്പ് ഗേറ്റ് തുറന്ന് അകത്ത് കയറിയത്. ഈ സമയം കൂട്ടില്‍ നിന്നും മറ്റ് ദിശയിലേയ്ക്ക് പോവുകയായിരുന്ന സിംഹം പെട്ടന്ന് ഉടമയ്‌ക്കെതിരെ തിരിയുകയായിരുന്നു.

കഴുത്തിനും കാലിനും പരിക്കേറ്റ മൈക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിനുള്ളില്‍ അസ്വാഭാവികമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇത് പരിശോധിക്കാനാണ് മൈക്ക് പോയതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. പെട്ടെന്നായിരുന്നു ആക്രമണമുണ്ടായത്.

സാധാരണയായി സിംഹങ്ങള്‍ അടക്കമുള്ള വന്യമൃഗങ്ങളുമായി ഇടപഴകുന്ന ആളാണ് മൈക്ക് എന്നും വക്താവ് പറഞ്ഞു. പിന്നീട് വെടിയുതിര്‍ത്ത് സിംഹത്തെ പരിസരത്തുനിന്ന് ഓടിച്ചതിന് ശേഷമാണ് മൈക്കിനെ പുറത്തെടുത്തത്. സന്ദര്‍ശകര്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here