ഗുരുതര ആരോപണവുമായി ഹസിന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി മുഹമ്മദ് ഭായ് ആണ് ഷമിക്ക് പെണ്‍കുട്ടികളെ പരിചയപ്പെടുത്തുന്നതെന്നാണ് പരാമര്‍ശം.

മഞ്ജു മിശ്രയെന്ന യുവതിയുമായാണ് ഷമിക്ക് മറ്റൊരു അവിഹിത ബന്ധമുള്ളതെന്നും ഹസിന്‍ പറഞ്ഞു. മുഹമ്മദ് ഭായുടെ ഇടപെടലില്‍ പാകിസ്താനി യുവതിയായ അലിഷ്ബയില്‍ നിന്ന് ഷമി പണം കൈപ്പറ്റിയതായി നേരത്തേ ഹസിന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഷമിയെ അറിയാമെന്നും പണം നല്‍കിയിട്ടില്ലെന്നുമായിരുന്നു അലിഷ്ബയുടെ പ്രതികരണം. ഷമിയെ പരിചയമുണ്ടെന്നും എന്നാല്‍ താരവുമായി ഒരു അവിഹിത ഇടപാടുകളിലും പങ്കാളിയല്ലെന്നും വ്യക്തമാക്കി മുഹമ്മദും രംഗത്തെത്തിയിരുന്നു. ഷമിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഇതിനകം ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയത്.

തങ്ങള്‍ക്കിടയില്‍ ഇനി മധ്യസ്ഥതയ്ക്ക് യാതൊരു സാധ്യതയയുമില്ലെന്ന് ഹസിന്‍ വ്യക്തമാക്കി. താരത്തിനെതിരായ പോരാട്ടവുമായി മുന്നോട്ടുപോകും, പാതിവഴിയില്‍ അവസാനിപ്പിച്ചാല്‍ അത് താന്‍ വനിതാ സമൂഹത്തോട് ചെയ്യുന്ന അപരാധമായിരിക്കുമെന്നും ഹസിന്‍ പറഞ്ഞു.

ആരോപണങ്ങളെ സാധൂകരിക്കുന്ന സുപ്രധാന തെളിവുകളെല്ലാം തന്റെ പക്കലുള്ളതിനാല്‍ എന്തിന് പോരാട്ടം അവസാനിപ്പിക്കണമെന്നും ഹസിന്‍ ചോദിക്കുന്നു. അതേസമയം ഷമിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹസിന്‍ പൊലീസ് സുരക്ഷയും തേടിയിരുന്നു.

ഹസിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ഛിച്ചതോടെ ബിസിസിഐ താരവുമായുള്ള വര്‍ഷിക കരാര്‍ റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here