നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍

കിളിമാനൂര്‍: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസി(30)നെയാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതോടെയാണ് അനീഷ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സിനിമാ-സീരിയല്‍ വീഡിയോ എഡിറ്ററാണ് അനീഷ്. പരാതിക്കാരിയായ യുവതിയും അനീഷ് മോഹന്‍ദാസും തമ്മില്‍ വളരെ നാളുകളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

പ്രണയകാലത്തെ സ്വകാര്യ നിമിഷങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അകലുകയും വീട്ടുകാര്‍ പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു.

ഇതോടെ സുഹൃത്തുക്കള്‍ക്കും യുവതിയുടെ പ്രതിശ്രുത വരനും ബന്ധുക്കള്‍ക്കും സ്വകാര്യ ചിത്രങ്ങള്‍ അനീഷ് അയച്ചു കൊടുത്തു. വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here