നേതാവിന്റെ ഭക്ഷണ വിതരണം പുറത്തായി

ചിക്കബല്ലാപുര :തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മറികടന്ന് പ്രദേശ വാസികള്‍ക്ക് ഭക്ഷണം വിളമ്പിയ കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍. ചൊവ്വാഴ്ച രാവിലെയാണ് കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് തീയ്യതി ഇലക്ഷന്‍ കമ്മീഷന്‍ പുറത്ത് വിട്ടത്. മെയ് 12 നാണ് കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

അതുകൊണ്ട് തന്നെ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ചിക്കബല്ലാപുര ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്.

അടുത്തിടെ ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രദേശത്തെ പ്രബലനായ രാഷ്ട്രീയ നേതാവ് കെവി നാഗരാജിന്റെ വീട്ടിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുവാനുള്ള പദ്ധതിയുണ്ടായിരുന്നു, ഇതു കാരണം ഗ്രാമവാസികളെ തന്റെ ഭവനത്തിലേക്ക് എത്തിക്കുവാനായി നാഗരാജ് ഇറച്ചി വിഭവങ്ങളടങ്ങുന്ന ഭക്ഷണവും തയ്യാറാക്കി.

നാഗരാജിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പെട്ടെന്ന് മടങ്ങി. ഇതിന് ശേഷം വീട്ടിന്റെ പുറകില്‍ വെച്ചായിരുന്നു ഭക്ഷണ വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവരമറിഞ്ഞ ജില്ലാ അധികാരികള്‍ സംഭവ സ്ഥലത്തേക്ക് ഇരിച്ചെത്തി.

ഇതോടെ ഗ്രാമവാസികള്‍ തീന്‍മേശയില്‍ നിന്നും ഏണീറ്റ് നാലു ഭാഗത്തേക്കും ചിതറിയോടി. 3000 പേര്‍ക്കുള്ള ഭക്ഷണമായിരുന്നു നാഗരാജ് വീട്ടില്‍ ഒരുക്കി വെച്ചിരുന്നത്. ഇതില്‍ പകുതി കുഴിച്ചു മൂടാന്‍ നാഗരാജിനും സംഘത്തിനും സാധിച്ചു.

ബാക്കിയുള്ളവ ജില്ലാ അധികാരികള്‍ പിടിച്ചെടുത്തു. നാഗരാജിനെതിരെ തെറ്റായ മാര്‍ഗ്ഗത്തില്‍ ഗ്രാമവാസികളെ സ്വാധിനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here