സത്നാ :പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹൃദായാഘാതം വന്നു മരണപ്പെട്ടു. മധ്യപ്രദേശിലെ സത്നാ സ്വദേശി മോഹന്‍ലാലാണ് (20 ) പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടത്.
സത്നയിലെ രാമകൃഷ്ണ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു മോഹന്‍ലാല്‍. 26,000 രൂപയായിരുന്നു പരീക്ഷാ ഫീസായി അടയ്ക്കേണ്ടിയിരുന്നത്. ഇതില്‍ 25,700 രൂപ യുവാവ് കോളജില്‍ അടച്ചിരുന്നു. 300 രൂപ കൂടി അടയ്ക്കാതെ പരീക്ഷയെഴുതാന്‍ പറ്റില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞതോടെ നിര്‍ദ്ധനനായ യുവാവ് മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നതോടെ ഭാവി ജീവിതത്തെ പറ്റി ഇദ്ദേഹം വളരെയേറെ ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും കോളജിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അക്രമാസക്തരായ ഇവര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.