വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയ യുവതി അറസ്റ്റില്‍

മലപ്പുറം :മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കബളിപ്പിച്ച് സ്‌കൂട്ടറില്‍ കയറ്റി ആഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌നയെയാണ് എസ് ഐ വിശ്വനാഥനും സംഘവും പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 26 ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെമ്മാട് മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഈ സ്ത്രീ തന്ത്രപൂര്‍വം തന്റെ സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോവുകയാണെന്നും പറഞ്ഞായിരുന്നു ഹെല്‍മറ്റ് ധരിച്ച സ്ത്രീ കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിയത്.

ശേഷം വള മുറിച്ചെടുത്ത് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിച്ചു. അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്ക് കുട്ടി റോഡിലിരുന്നു കരയുന്നത് കണ്ടാണ് പ്രദേശവാസികള്‍ കാര്യം തിരക്കിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസെത്തി കുട്ടിയെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി.

മദ്രസയില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇതിനിടയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് മാതാപിതാക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി കുട്ടിയെ ഏല്‍പ്പിച്ചു. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ച സ്ത്രീ കുട്ടിയുമായി സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവതി പിടിയിലാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here