അമോലുമായി 35,000 കോടിയുടെ കരാര്‍

മുംബൈ : സ്വപ്‌നസാക്ഷാത്കാരത്തിനായി വീട് വിറ്റ് വിമാനമുണ്ടാക്കിയ അമോല്‍ യാദവിന് മഹാരാഷ്ട്രയുടെ 35,000 കോടി. അമോലിന്റെ ത്രസ്റ്റ് എയര്‍ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ആറ് സീറ്റ് വിമാനം വ്യോമയാന വിഭാഗം അംഗീകരിച്ചതോടെ കമ്പനിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുകയായിരുന്നു.

ആഗോള നിക്ഷേപക ഉച്ചകോടിയില്‍ വെച്ച് 35,000 കോടി രൂപയുടെ കരാറാണ് അമോലുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒപ്പുവെച്ചത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ വികസന കോര്‍പ്പറേഷനും ഇദ്ദേഹവും തമ്മിലാണ് കരാര്‍. അമോലിന്റെ കമ്പനിക്ക് പാല്‍ഘര്‍ ജില്ലയില്‍ 157 ഏക്കര്‍ സ്ഥലവും നല്‍കും.

ഇതോടെ സ്വന്തം വിമാന നിര്‍മ്മാണ കമ്പനിയെന്ന അമോലിന്റെ സ്വപ്‌നമാണ് ചിറകുവിടര്‍ത്തുന്നത്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയാണ് അമോല്‍. 42 കാരനായ ഇദ്ദേഹത്തിന്റെ 6 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ആറ് സീറ്റ് വിമാനം. വിമാന രൂപകല്‍പ്പനയെന്നത് ചെറുപ്പം തൊട്ടേയുള്ള അമോലിന്റെ സ്വപ്‌നമായിരുന്നു.

ജെറ്റ് എയര്‍വേയ്‌സിലെ മുന്‍ സീനിയര്‍ മാന്‍ഡറായ അമോല്‍ വീടിന്റെ മട്ടുപ്പാവിലാണ് വിമാനം നിര്‍മ്മാണം ആരംഭിക്കുന്നത്. ഇതിനായുള്ള പണം കണ്ടെത്താന്‍ അമോലിന് ജന്‍മവീട് വില്‍ക്കേണ്ടി വന്നു. 10.8 അടി ഉയരമുള്ള വിമാനത്തിന് നാലുകോടിയിലേറെ രൂപ ചെലവ് വന്നു.

പക്ഷേ സര്‍ക്കാരിന്റെ അനുമതിക്കായി ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ടു. പറക്കാനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചില്ല. ഒടുവില്‍ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് 2016 ലെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ വിമാനം പ്രദര്‍ശിപ്പിച്ചു.

ഇതോടെ ജനശ്രദ്ധയാകര്‍ഷിക്കാനായി. തുടര്‍ന്ന് 2017 ല്‍ വിമാനം രജിസ്റ്റര്‍ ചെയ്തു. ഒടുവില്‍ വിമാനനിര്‍മ്മാണ കമ്പനിക്കായി സര്‍ക്കാരുമായി കരാറൊപ്പിട്ടിരിക്കുകയാണ് ഈ പ്രതിഭ. മൂന്ന് വര്‍ഷത്തിനുള്ളില്‍ 19 സീറ്റുള്ള 600 വിമാനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.

അടുത്ത ഘട്ടത്തില്‍ 1300 എണ്ണം രൂപകല്‍പ്പന ചെയ്യും. കമ്പനി ആരംഭിക്കുന്നതോടെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അമോല്‍ നന്ദി രേഖപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here