രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം.

രൂപാലി മിശ്രം എന്ന 21 കാരിയാണ് കടുവയുമായി പോരാട്ടം നടത്തിയത്. വീട്ടിലുള്ള ആടുകളുടെ കരച്ചില്‍ ശബ്ദം കേട്ടാണ് രൂപാലി രാത്രിയില്‍ ഉണര്‍ന്നത്. പുറത്തേക്കിറങ്ങി നോക്കിയ രൂപാലി കണ്ടത് മൂന്ന് ആടുകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ്.

മറ്റൊന്നും ആലോചിക്കാതെ രൂപാലി വടിയുമെടുത്ത് കടുവയെ നേരിട്ടു. തുടര്‍ന്ന്, ആടിനെ വിട്ട് കടുവ രൂപാലിക്ക് നേരെ തിരിഞ്ഞു. തലക്കും ശരീരത്തില്‍
പലഭാഗത്തും പരിക്ക് ഏറ്റെങ്കിലും രൂപാലി കടുവയെ ചെറുത്തുകൊണ്ടിരുന്നു.

ഒടുവില്‍ വീട്ടില്‍നിന്നും പുറത്തുവന്ന മാതാവ് ജിജാഭായി അവളെ വലിച്ച് അകത്തേക്ക് ഇടുകയായിരുന്നു. പെട്ടെന്ന് നടന്ന ആക്രമണത്തില്‍ വേദനിച്ച കടുവ അവിടെ നിന്ന് സ്ഥലം വിടുകയും ചെയ്തു.

വീടിനുള്ളില്‍ കടന്ന ജിജാഭായി ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇവരെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും മുന്‍പ് രൂപാലി രക്തം പുരണ്ട മുഖവും, വസ്ത്രങ്ങളുമായി നില്‍ക്കുന്ന കുറെ സെല്‍ഫികളെടുത്തു.

ആശുപത്രിയിലെത്തിച്ചതൊഴിച്ചാല്‍ മറ്റൊരു സഹായവും ചെയ്യാത്ത ഫോറസ്റ്റ് അധികൃതര്‍ക്കെതിരെ ഈ സെല്‍ഫികളും ചേര്‍ത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ വിവേക് ഹൊഷിന്ദ് ഇടപെട്ട് 12,000 രൂപ ഇവര്‍ക്ക് ധനസഹായമായി നല്‍കി. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട രൂപാലി ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here