മലപ്പുറം : വിവാഹത്തലേന്ന് 22 കാരിയെ പിതാവ് കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനി ആതിരയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛന് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു ദാരുണമായ സംഭവം.
പ്രണയിച്ച യുവാവുമായുള്ള ആതിരയുടെ വിവാഹം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് കൊലപാതകം. ഈ വിവാഹത്തിന് രാജന്റെ പൂര്‍ണ്ണ സമ്മതമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കം നിലനിന്നിരുന്നു.
വൈകീട്ട് മകളുമായി രാജന് വഴക്കിട്ടു. തര്‍ക്കത്തിനിടെ ആതിര അടുത്തവീട്ടിലെക്ക് ഓടിയെങ്കിലും രാജന് പുറകെയെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
മകള്‍ പന്നാക്ക വിഭാഗക്കാരനെ പ്രണയിച്ചതില്‍ രാജന് എതിര്‍പ്പുണ്ടായിരുന്നു. കൊയിലാണ്ടി സ്വദേശിയുമായാണ് ആതിര പ്രണയത്തിലായത്. ഇയാള്‍ സൈനികനാണ്. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കം നിലനിന്നിരുന്നു.
നിരവധി തവണ നടന്ന മധ്യസ്ഥതകള്ക്കൊടുവിലാണ് വിവാഹം നിശ്ചയിച്ചത്. മൃതദേഹം മുക്കം കെഎംസിടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കും.