ബഷീര്‍ കൊലക്കേസില്‍ സുബൈദ കുടുങ്ങിയതിങ്ങനെ

മഞ്ചേരി : ഉമ്മത്തൂര്‍ സ്വദേശിയായ ബഷീര്‍, ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയായ സുബൈദയെ പൊലീസ് കുടുക്കിയത് നിരവധി അന്വേഷണ നീരീക്ഷണങ്ങള്‍ക്ക് ശേഷം. പ്രധാനമായും സുബൈദ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകരമായത്. എന്നാല്‍ അതോടൊപ്പം തന്നെ ഈ മൊഴികള്‍ മറ്റൊരു തരത്തില്‍ പൊലീസിനെ വട്ടം കറക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബഷീറിനെ മുഖത്ത് ആസിഡ് ഒഴിച്ച് സുബൈദ കൊലപ്പെടുത്തിയത്.

ജില്ലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായത് കൊണ്ട് തന്നെ ആദ്യ ഘട്ടത്തില്‍ പൊലീസിനും അന്വേഷണം എവിടെ തുടങ്ങണമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. പുറത്ത് നിന്ന് ഒരാള്‍ വന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ബഷീറിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞെന്നായിരുന്നു സുബൈദ നല്‍കിയ മൊഴി. ഒരാഴ്ചയ്ക്കിടെ മലപ്പുറത്തെ ഒരു പഴ വ്യാപാരിയുടെയും താമരശ്ശേരിയിലെ മൂന്ന് വ്യക്തികളുടെയും പേരില്‍ സുബൈദ സംശയം പ്രകടിപ്പിച്ചു.

പൊലീസ് ഓരോരുത്തരേയും മാറി മാറി ചോദ്യം ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ യാതോരു വിധ പുരോഗതിയുമുണ്ടായില്ല. തുടര്‍ന്നാണ് സുബൈദ മൊഴികള്‍ മാറ്റിക്കൊണ്ടേയിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് പൊലീസിന്റെ അന്വേഷണം സുബൈദയിലേക്ക് നീങ്ങുവാന്‍ കാരണമായി. 11 മണിക്ക് നടന്ന ആക്രമണത്തിന് ശേഷം ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ പുലര്‍ച്ചെ 2 മണി വരെ കാത്തു നിന്നതെന്തിനെന്ന ചോദ്യത്തിന് മുന്നില്‍ സുബൈദ പതറി.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ സുബൈദ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് സുബൈദ പൊലീസിനോട് തുറന്നു സമ്മതിച്ചു.

മഞ്ചേരിയിലെ ഒരു കടയില്‍ നിന്നും വാങ്ങിയ ആസിഡ് സുബൈദ ഭര്‍ത്താവിന്റെ മുഖത്ത് ഒഴിക്കാനായി ഒരു പാത്രത്തില്‍ തയ്യാറാക്കി വെച്ചു. ശേഷം ഭര്‍ത്താവ് ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. ബഷീറിനെ ആശുപത്രിയില്‍ കൊണ്ടു പോകും വഴി ആസിഡിന്റെ കന്നാസ് ഒരു തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞത് തെളിവായി. അങ്ങനെ ഒരാഴ്ച നീണ്ട നാടകീയതകള്‍ക്കൊടുവില്‍ പൊലീസ് ബഷീര്‍ കൊലക്കേസിന്റെ ചുരുളഴിച്ചു. ആസിഡ് നല്‍കിയ കടയുടമയും സുബൈദയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here