പെണ്‍കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു

ഷൊര്‍ണ്ണൂര്‍ :തിയേറ്ററിനുള്ളില്‍ വെച്ച് പിഞ്ചു ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. നേരത്തേയും പെണ്‍കുട്ടിയെ ഇത്തരത്തില്‍ ലൈംഗീക പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്നറിയാനാണ് പൊലീസിന്റെ ചോദ്യം ചെയ്യല്‍. പാലക്കാട് സ്വദേശിനിയായ ഇവരേയും കേസില്‍ പ്രതി ചേര്‍ക്കും. മാതാവിന്റെ അനുവാദത്തോട് കൂടിയാണ് പെണ്‍കുട്ടിക്കെതിരെ പീഡനം അരങ്ങേറിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മുഖ്യപ്രതിയായ മൊയ്തീന്‍ കുട്ടിയുമായി ഇവര്‍ക്ക് സൗഹൃദമുണ്ടായിരുന്നു. ഈ സൗഹൃദം ഉപയോഗിച്ച് മൊയ്തീന്‍ കുട്ടി ഈ സ്ത്രീയേയും പെണ്‍കുട്ടിയേയും തീയേറ്ററില്‍ കൊണ്ടു പോവുകയായിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകനെ കാണുവാന്‍ പോകുന്നതിനിടയിലായിരുന്നു ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുണ്ടായിട്ടും കേസ് എടുക്കാന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും.

ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഏപ്രില്‍ 26 നാണ് ഇതു സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയത്. എന്നാല്‍ ഇന്നലെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here