പ്രശസ്ത നടന്‍ കൊല്ലം അജിത്‌ അന്തരിച്ചു

കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. 56 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.സംസ്‌കാരം വൈകീട്ട് 6 ന് കൊല്ലം കടപ്പാക്കട ശ്മശാനത്തില്‍ നടക്കും.

മലയാളത്തിന് പുറമെ പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ വിരാസത്തിലും മൂന്ന് തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. 1987 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ നായകകഥാപാത്രമായിരുന്നു. കോളിങ് ബെല്‍ എന്ന ചിത്രം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

1980 ലാണ് സിനിമാ പ്രവേശം. പത്മരാജന്‍ സിനിമകളോടുള്ള അതീവ താല്‍പ്പര്യത്താല്‍ അദ്ദേഹത്തിന്റെയടുത്ത് സംവിധാനം പഠിക്കാനെത്തി. എന്നാല്‍ സഹസംവിധായകരായി അന്ന് പത്മരാജനൊപ്പം 10 പേരുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം കയ്യൊഴിഞ്ഞില്ല.

രൂപം വെച്ച് അഭിനയത്തില്‍ തിളങ്ങാനാകുമെന്ന് ഉപദേശിച്ചു. അങ്ങിനെ ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള വേഷം പത്മരാജന്‍ നല്‍കി. പിന്നീട് ഈ നടന് കൈ നിറയെ വേഷങ്ങള്‍ ലഭിച്ചു.

മലയാളത്തില്‍ വില്ലന്‍ വേഷങ്ങള്‍ക്ക് കൊല്ലം അജിത്‌ അനിവാര്യമായി. സിനിമാ പ്രവേശനത്തിന്റെ 30 ആം വര്‍ഷത്തിലാണ് കോളിങ് ബെല്‍ എന്ന ചിത്രം എഴുതി സംവിധാനം ചെയ്ത് ആ ആഗ്രഹം അദ്ദേഹം സാക്ഷാത്കരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here