പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി :പ്രശസ്ത മലയാള സിനിമാ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രാത്രി 12.35 ഓടെയായിരുന്നു അന്ത്യം.

വില്ലനായും സ്വഭാവ നടനായും മലയാള സിനിമയില്‍ തിളങ്ങിയ താരമായിരുന്നു കലാശാല ബാബു. പദ്മശ്രീ കലാമാണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. ചെറുപ്പം മുതലേ
റേഡിയോ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു.

1977 ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’യാണ് ആദ്യ ചിത്രം. പിന്നീട് സിനിമയില്‍ നിന്നും ദീര്‍ഘകാലം വിട്ടു നിന്ന അദ്ദേഹം കലാശാല എന്ന ട്രൂപ്പ് തുടങ്ങി നാടക രംഗത്ത് സജീവമായി. ഇതിനിടയില്‍ ഏതാനും സീരിയലുകളിലും അഭിനയിച്ചു. ലോഹിതദാസിന്റെ ‘കസ്തൂരി മാനി’ലെ ലോനപ്പന്‍ മുതലാളി എന്ന വില്ലന്‍ വേഷത്തിലായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്കുള്ള രണ്ടാം വരവ്. പിന്നീട് എന്റെ വീട് അപ്പൂന്റെം, തൊമ്മനും മക്കളും, റണ്‍വേ, ലയണ്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here