മകളെ പീഡിപ്പിച്ച അച്ഛന്‍ പിടിയിലായി

കോട്ടയം: തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന മകളുടെ പരാതിയില്‍ മലയാളിയെ ഡല്‍ഹി പൊലീസ് കോട്ടയത്ത് നിന്നു കസ്റ്റഡിയിലെടുത്തു.

ഡല്‍ഹി മലയാളിയായ ഇയാളെ കോട്ടയത്ത് എത്തിയപ്പോള്‍ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. തിരുനക്കരയില്‍ പുതുതായി എടുക്കുന്ന വീടിന്റെ പണി നോക്കി നടത്താന്‍ എത്തിയതായിരുന്നു ഇയാള്‍.

ഡല്‍ഹി പോലീസിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് കോട്ടയം ഈസ്റ്റ് സിഐ സൈജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ജോലി ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത്.

ഗൃഹനിര്‍മാണത്തിനായി അല്‍പകാലം മുന്‍പാണ് കോട്ടയത്തെത്തിയത്. ഭാര്യ ജോലിക്കു പോകുമ്പോള്‍ ഡല്‍ഹിയിലെ വീട്ടില്‍ തോക്കു ചൂണ്ടിയും കത്തി കാട്ടിയും ഭീഷണിപ്പെടുത്തി പത്തു വയസ്സു മുതല്‍ പീഡിപ്പിച്ചിരുന്നതായി മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡന വിവരം മകള്‍ അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചോദിക്കാന്‍ ചെന്ന ഭാര്യയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. കോട്ടയം തിരുനക്കരയില്‍ പുതുതായി എടുക്കുന്ന വീടിന്റെ പണി നോക്കാന്‍ ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി.

ഈ തക്കത്തിന് അമ്മയും മകളും ഡല്‍ഹി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here