വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മടക്കി

ദമാം: പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന്, വിമാനത്താവളത്തിലെത്തിച്ച മലയാളിയുടെ മൃതദേഹം തിരിച്ചയച്ചു. രണ്ട് മാസം മുന്‍പ് അല്‍കോബാര്‍ റാക്കയില്‍ താമസസ്ഥലത്ത് തീപ്പിടിത്തത്തില്‍ വെന്തു മരിച്ച തിരുവനന്തപുരം സ്വദേശി രാജന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് ദമാം എയര്‍പോര്‍ട്ടില്‍ തടഞ്ഞത്.

രാജന്‍ വര്‍ഗീസിന്റെ പേരില്‍ നേരത്തെയുള്ള വാഹനാപകട കേസ് തീര്‍പ്പാകാത്തതാണ് മൃതദേഹം തിരിച്ചയക്കാന്‍ കാരണമായത്. നേരത്തെ ദമാമില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയില്‍ അല്‍ കോബാറിലേക്ക് എത്തിയത്. ഡ്രൈവര്‍ വിസയിലാണ് എത്തിയത്.

കഴിഞ്ഞ ജനുവരി 19 ന് രാത്രി ഉറങ്ങി കിടക്കവേ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായി മുറിക്ക് തീപ്പിടിച്ച് വെന്തു മരിക്കുകയുമായിരുന്നു രാജന്‍. കോമ്പൗണ്ടില്‍ തന്നെയുള്ള ഒരു സുഹൃത്ത് ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് പൊള്ളലേറ്റ് മരിച്ചതാണെന്ന് ഉറപ്പു വരുത്തുകയും ഇന്ത്യന്‍ എംബസിയില്‍ നിന്നും എന്‍.ഒ.സി.യും കൈപറ്റി കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് ജവാസാത്തില്‍നിന്നും എക്‌സിറ്റ് അടിക്കുകയും ചെയ്തു. ദമാം മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എമ്പാമിംഗ് ചെയ്ത് തിങ്കളാഴ്ച രാത്രിയില്‍ തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയര്‍വേയ്‌സില്‍ നാട്ടിലേക്ക് അയക്കാന്‍ ദമാം എയര്‍പോര്‍ട്ടില്‍ എത്തിച്ചെങ്കിലും ഇമിഗ്രേഷനില്‍ വെച്ച് തിരിച്ചയക്കുകയായിരുന്നു.

നേരത്തെ സൗദിയില്‍ വാഹനാപകടത്തില്‍ 29,000 റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലയക്കാന്‍ കഴിയാതിരുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.

രാജന്‍ വര്‍ഗീസിന്റെ പേരിലുള്ള വാഹനാപകട കേസ് രജിസ്റ്റര്‍ ചെയ്ത തുഖ്ബയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തി നാസ് വക്കം കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും വാഹന ഉടമയുടെ ടെലിഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ നേരില്‍ കണ്ട് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമവുമായി നാസ് വക്കം മുന്നോട്ടു പോകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here