സെയ്തലവിയെ മരണം തട്ടിയെടുത്തു

ജിദ്ദ : സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി മരണപ്പെട്ടു. പട്ടാമ്പി നെടുങ്ങോട്ടൂര്‍ സ്വദേശി ചെറിയങ്ങാട്ടില്‍ സെയ്തലവിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിയോഗം. ക്ഷയരോഗത്തെ തുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം.

സൗദിയില്‍ വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ച സെയ്തലവിക്ക് പക്ഷേ ശിക്ഷ പൂര്‍ത്തിയാക്കി നാട്ടിലെത്താനായില്ല. ആറര വര്‍ഷം മുന്‍പാണ് ഇദ്ദേഹത്തെ മതകാര്യ നിയമപാലകര്‍ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നത്. ജിദ്ദയില്‍ കഫറ്റേരിയ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

തുടര്‍ന്ന് കേസില്‍ ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മേല്‍ക്കോടതി സെയ്തലവിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും മൂന്ന് വര്‍ഷത്തെ തടവാക്കി കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നാടുകടത്തലുമായിരുന്നു ശിക്ഷ.

ശുമൈസിയിലെ ഡീപോര്‍ട്ടേഷന്‍ ജയില്‍ സമുച്ചയത്തിലായിരുന്നു തടവില്‍ കഴിഞ്ഞിരുന്നത്. വധശിക്ഷ വഴിമാറിയെങ്കിലും നാട്ടിലെ കുടുംബത്തിലെത്താന്‍ സെയ്തലവിക്ക് സാധിച്ചില്ല. ക്ഷയരോഗ ബാധയാണ് വില്ലനായത്. ക്ഷയരോഗം അനിയന്ത്രിതമായതോടെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റ രണ്ട് സഹോദരങ്ങള്‍ ജിദ്ദയിലുണ്ട്. സഹോദരന്‍ ഉമര്‍ ഇദ്ദേഹത്തെ ഇടക്കിടെ ജയിലില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കും. ശിക്ഷായിളവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല.

ആകെ മൂന്നുവര്‍ഷമായി ശിക്ഷ നിജപ്പെടുത്തിയെങ്കില്‍ സെയ്തലവിക്ക് പുറത്തിറങ്ങാമായിരുന്നു. കൂടുതല്‍ കാലയളവ് ജയില്‍ശിക്ഷ അനുഭവിച്ചതിന്റെ നഷ്ടപരിഹാരവും ലഭിക്കുമായിരുന്നു. നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം കവര്‍ന്ന് മരണം സെയ്തലവിയെ തട്ടിയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here