കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (9), മകന്‍ സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെടുത്തു. ഈല്‍ നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കലിഫോര്‍ണിയയിലേക്ക് പോകുന്ന വഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം. ഈ മാസം ആറാം തീയതി മുതലാണ് സന്ദീപിനേയും കുടുംബത്തേയും കാണാതായത്.

പോര്‍ട്‌ലാന്‍ഡില്‍ നിന്ന് സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച വാഹനം റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് മറിയുകയായിരുന്നു. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ കാണാന്‍ പോകുന്നതിനിടെയായിരുന്നു ദുരന്തം.

സന്ദീപിന്റെയും സാച്ചിയുടെയും സിദ്ധാന്തിന്റേയും മൃതദേഹങ്ങള്‍ കാറിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏഴു മൈല്‍ അകലെ നിന്ന് സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

LEAVE A REPLY

Please enter your comment!
Please enter your name here