കാര്‍ നദിയില്‍ വീണതാകാമെന്ന്‌ നിഗമനം

വാഷിങ്ടണ്‍ : അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ കാര്‍ ഈല്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് വിലയിരുത്തല്‍. ഇവരുടെ മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം നദിയില്‍ ഒഴുകിപ്പോയതാകാമെന്നാണ് കണ്ടെത്തല്‍.

ഇവരുടേതിന് സമാനമായ വാഹനം കനത്ത മഴയില്‍ ഡോറ ക്രീക്കിന് സമീപം റോഡില്‍ നിന്ന് ഈല്‍ നദിയിലേക്ക് വീണതായി വിവരം ലഭിച്ചതോടെയാണ് ഇത്തരത്തിലൊരു സംശയം ഉടലെടുത്തിരിക്കുന്നത്.

സന്ദീപ് തോട്ടപ്പള്ളി, ഭാര്യ സൗമ്യ മക്കളായ സിദ്ധാര്‍ത്ഥ്, സാചി എന്നിവരെയാണ് അമേരിക്കയില്‍ കാണാതായത്. ഏപ്രില്‍ 5 മുതല്‍ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല.

പോര്‍ട്‌ലാന്റില്‍ നിന്ന് സാന്‍ജോസിലേക്ക് തിരിച്ച ഇവരെ കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു കാര്‍ ഈല്‍ നദിയില്‍ വീണെന്ന വിവരം പൊലീസിന് ലഭിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയായിരുന്നു. അന്ന് അപകടത്തില്‍പ്പെട്ട യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കനത്ത മഴയെ തുടര്‍ന്നാണ് കാര്‍ നദിയിലേക്ക് വീണത്. നദിയില്‍ ഈ സമയം ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതുമൂലം വാഹനം അപ്രത്യക്ഷമായെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞത്.

ഇതേ തുടര്‍ന്ന് വാഹനത്തിനായി നദിയില്‍ നിരീക്ഷണം നടത്തി വരികയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സന്ദീപ് തോട്ടപ്പള്ളിയും കുടുംബവും സഞ്ചരിച്ച വാഹനം തന്നെയാണോ ഇതെന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here