പന്നിയിറച്ചി കഴിച്ച് അബോധാവസ്ഥയില്‍ ഒന്നരമാസം

ബംഗളൂരു : ന്യൂസിലാന്‍ഡില്‍ പന്നിയിറച്ചി കഴിച്ച് ഒന്നരമാസത്തോളം അബോധാവസ്ഥയില്‍ കിടന്ന മലയാളികള്‍ മരണത്തോട് മല്ലിട്ട് ജീവിതം തിരികെപ്പിടിച്ചു. കൊട്ടാരക്കര സ്വദേശിയായ ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, മാതാവ് ഏലിക്കുട്ടി എന്നിവരാണ് മരണത്തെ മുഖാമുഖം കണ്ടത്.

ഇവര്‍ക്കെന്താണ് സംഭവിച്ചതെന്നറിയാതെ ഉണരുന്നതും കാത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏഴും ഒരു വയസ്സുമുള്ള കുഞ്ഞുങ്ങളും ബന്ധുക്കളും. ഒടുവില്‍ കഠിന പരീക്ഷണങ്ങളെ അതിജീവിച്ച് അവര്‍ ജീവിതത്തിലേക്ക് തിരികെയെത്തി. മൂവരും കടന്നുവന്ന ആ ദുരന്ത നാളുകളെ സുബിയുടെ സഹോദരന്‍ അനീഷ് ഓര്‍ത്തെടുക്കുന്നു.

നാട്ടില്‍ നിന്നും അമ്മ വന്നതിന്റെ സന്തോഷം ആഘോഷിക്കാന്‍ കൂടിയാണ് പന്നിയിറച്ചി കറിവെച്ചത്. ഇവരുടെ അടുത്ത ഒരു വീട്ടില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുണ്ടായിരുന്നു. ഞായറാഴ്ചയായിരുന്നു ചടങ്ങ്. പക്ഷേ അവര്‍ വാങ്ങിയ ഇറച്ചി കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ കുറച്ച്‌ ഷിബുവിനോട് എടുത്തുകൊള്ളാന്‍ പറഞ്ഞു.

ആ ഇറച്ചി കറിവെയ്ക്കുകയായിരുന്നു. രാത്രി വൈകിയതിനാല്‍ കുട്ടികള്‍ ഉറങ്ങിയിരുന്നു. അതിനാല്‍ അവര്‍ കഴിച്ചിരുന്നില്ല. അമ്മയും സഹോദരിയും അളിയനും കഴിച്ചു. എന്നാല്‍ പാതിരാത്രിയായപ്പോഴേക്കും മൂവര്‍ക്കും ശരീരം തളരുന്ന പോലെ തോന്നി. സുബി ഉടന്‍ ശര്‍ദ്ദിച്ചു. പൊടുന്നനെ അമ്മ തളര്‍ന്നുവീണു.

പെട്ടെന്ന് തന്നെ സുബി എമര്‍ജന്‍സി സര്‍വീസ് വിളിച്ചു. തളര്‍ന്ന മൂവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രവേശിച്ചിച്ച ശേഷം അവര്‍ കണ്ണുതുറന്നത് ഒന്നരമാസത്തിന് ശേഷമാണ്. ആ കാലയളവിനെക്കുറിച്ച് മൂവര്‍ക്കും ഓര്‍മ്മയില്ല. പന്നിയിറച്ചി കഴിച്ച് ശര്‍ദ്ദിച്ചത് മാത്രമാണ് അവസാന ഓര്‍മ്മ.

ബോട്ടുലിസം എന്ന രോഗാവസ്ഥയായിരുന്നു. അളിയന്റെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വിഷാംശം പോകുന്നവരെ ബോധം വീഴില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനിടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവന്നു. മൂവരുടെയും ജീവന്‍ തിരികെ കിട്ടാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥനകളില്‍ കഴിയുകയായിരുന്നു.

അമ്മച്ചിയാണ് ആണ് ആദ്യം ബോധം വീണ്ടെടുത്ത് മിണ്ടിത്തുടങ്ങിയത്. പതിയെ ഷിബുവും സുബിയും ഉണര്‍ന്നു. ഫെബ്രുവരി അവസാനത്തോടെ എല്ലാവരെയും നാട്ടില്‍ എത്തിച്ചു. വിഷബാധയുടെ ചെറിയ ചില ബുദ്ധിമുട്ടുകള്‍ അമ്മച്ചിക്ക് ഇപ്പോഴുമുണ്ട്.

അന്ന് ഇവര്‍ ആശുപത്രിയിലായതോടെ ബെര്‍ത്ഡേ പാര്‍ട്ടിക്ക് വാങ്ങിയ ഇറച്ചി നശിച്ചുപോയി. അത് പാചകം ചെയ്ത് വിളമ്പാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നും അനീഷ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here