പിന്റോയ്ക്ക് ആറരക്കോടിയുടെ സമ്മാനം

ദുബായ് : പ്രവാസ ലോകത്തെ മലയാളികളുടെ കോടിക്കൊയ്ത്ത് അവസാനിക്കുന്നില്ല. വര്‍ക്ഷോപ്പ് ജീവനക്കാരനായ പിന്റോ പോള്‍ തൊമ്മാനയ്ക്ക് ലഭിച്ചത് ആറരക്കോടി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണര്‍ നറുക്കെടുപ്പിലാണ് പിന്റോയെ ഭാഗ്യം കടാക്ഷിച്ചത്.

സുഹൃത്ത് ഫ്രാന്‍സിസ് സെബാസ്റ്റ്യനൊപ്പം എടുത്ത ടിക്കറ്റിലാണ് ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തുകയടിച്ചത്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 6,49,87,500 രൂപ വരും. ഷാര്‍ജയില്‍ ഒരു വര്‍ക്ഷോപ്പില്‍ ജോലിയെടുക്കുകയാണ് പിന്റോ.

268 സീരീസിലെ 2465 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓണ്‍ലൈനിലാണ് പിന്റോയും ഫ്രാന്‍സിസും ചേര്‍ന്ന് ടിക്കറ്റെടുത്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു നറുക്കെടുപ്പ്.

സമ്മാനത്തുക നേര്‍പകുതിയായി വീതിയ്ക്കുമെന്ന് പിന്റോ വ്യക്തമാക്കി. പകുതി തുക വീതം ഇട്ടാണ് ഇരുവരും ചേര്‍ന്ന് ടിക്കറ്റെടുത്തത്. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ നിരവധി മലയാളികള്‍ യുഎഇയില്‍ കോടിക്കൊയ്ത്ത് നടത്തുകയാണ്.

ഏറ്റവുമൊടുവില്‍ ആറന്‍മുള സ്വദേശി ജോണ്‍ വര്‍ഗീസും ഒപ്പമുള്ള 7 പേരും ചേര്‍ന്നെടുത്ത അബുദാബി ബിഗ്ടിക്കറ്റിന് 21 കോടി രൂപയടിച്ചിരുന്നു. ഇതേ ബിഗ് ടിക്കറ്റില്‍ ജനുവരിയില്‍ ഹരികൃഷ്ണന്‍ എന്ന യുവാവിനും 21 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here