മലയാളി അബുദാബിയില്‍ കുടുങ്ങി

കരിപ്പൂര്‍ : മലയാളി യുവാവ് രണ്ടുനാള്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ബിജേഷ് ബാലകൃഷ്ണനാണ് ദുരിതത്തിന് ഇരയായത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബി വഴി മാഞ്ചസ്റ്ററിലേക്കായിരുന്നു 33 കാരന്റെ യാത്ര.

എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനകള്‍ക്കിടെ ജീവനക്കാരി ഇയാളുടെ പാസ്‌പോര്‍ട്ട് മറ്റൊരു യാത്രക്കാരന് മാറ്റി നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. കരിപ്പൂരില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ മുംബൈ വഴിയാണ് ഇയാള്‍ യാത്ര തിരിച്ചത്.

അബുദാബിയില്‍ എത്തി അവിടെ നിന്ന് മാഞ്ചസ്റ്ററിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വിമാനക്കമ്പനിയുടെ ചെക്കിന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും നല്‍കി.

എന്നാല്‍ ഇയാളോട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി ഇംഗ്ലണ്ടില്‍ താമസിക്കാനുള്ള അനുമതി പത്രം കൂടി ആവശ്യപ്പെട്ടു. ബിജേഷ് ഇത് എടുത്തുനല്‍കുന്നതിനിടെ മറ്റൊരു ബ്രിട്ടീഷ് യാത്രക്കാരന് ജീവനക്കാരി ബിജേഷിന്റെ പാസ്‌പോര്‍ട്ട് അബദ്ധത്തില്‍ കൈമാറി.

ബിജേഷ് പാസ്‌പോര്‍ട്ട് തിരികെ ചോദിച്ചപ്പോള്‍ നല്‍കിയല്ലോയെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. ഇല്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ജീവനക്കാരി നല്‍കിയെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

അപ്പോഴാണ് യുവതി മറ്റൊരാള്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറിയെന്ന് വ്യക്തമായത്. ഇതോടെ ബിജേഷ് വിമാനത്താവളത്തില്‍ കുടുങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട് എംപി എംകെ രാഘവനെ ബന്ധപ്പെട്ടു.

എംപിയുടെ ഇടപെടലില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസി രണ്ടുദിവസത്തിന് ശേഷം പുതിയ പാസ്‌പോര്‍ട്ട് ബിജേഷിന് എത്തിച്ചുനല്‍കി. ഇതോടെയാണ് ബിജേഷിന് അബുദാബിയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് തിരിക്കാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here