13 ലക്ഷത്തിന്റെ കുഴല്‍ പണം പിടിയില്‍

വടകര :13 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി ഹനീഫയെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര പൊലീസ് പിടികൂടിയത്. ലക്ഷങ്ങളുടെ കുഴല്‍പണവുമായി ഒരാള്‍ വടകരയിലെത്തുന്നുണ്ട് എന്നായിരുന്നു പൊലീസിന് കിട്ടിയ രഹസ്യ വിവരം.

ഇതിനെ തുടര്‍ന്ന് പൊലീസ് ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും പരിശോധന ശക്തമാക്കി. ഇതിനിടയിലാണ് വടകര സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയ ഹനീഫയെ പരിശോധനയ്ക്കിടെ പൊലീസിന് സംശയം തോന്നുന്നത്. എന്നാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴും ഇയാള്‍ സമ്മതിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അരയില്‍ ഒരു കവറില്‍ ഒളിപ്പിച്ച നിലയില്‍ 13 ലക്ഷം രൂപ കണ്ടെത്തിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിട്ടായിരുന്നു പണം ഒളിപ്പിച്ച് വെച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ ലളിതമായ വേഷം ധരിച്ചായിരുന്നു ഹനീഫ സഞ്ചരിച്ചിരുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഇത്തരത്തില്‍ കുഴല്‍ പണം കടത്താറുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പണം നല്‍കേണ്ട വ്യക്തികളുടെ പേരും ഫോണ്‍ നമ്പറും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here