ഒരു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

പൂനെ: ഒരു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 22 കാരനാണ് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയത്. പൂനെയിലാണ് കണ്ണില്ലാത്ത ക്രൂരതയരങ്ങേറിയത്. സംഭവത്തില്‍ മല്‍ഹരി ബന്‍സോഡെ എന്ന യുവാവ് പൊലീസ് പിടിയിലായി.

തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികളുടെ കുഞ്ഞിനെയാണ് ഇയാള്‍ നിഷ്ഠൂരമായി വകവരുത്തിയത്. കഴിഞ്ഞ രാത്രിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ലോണി കല്‍ഭോറില്‍ തെരുവോരത്ത് മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു പെണ്‍കുഞ്ഞ്.

മേഖലയില്‍ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരാണ് ഈ കുടുംബം. രാത്രിയില്‍ മല്‍ഹരി ഇവിടെയെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇവര്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി ഇവര്‍ പരാതി നല്‍കി. സമീപത്തെ സിസിടിവി പരിശോധിച്ചതോടെ പൊലീസിന് പ്രതിയെക്കുറിച്ച് നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചു. പ്രതി കുട്ടിയുമായി കടന്നുകളയുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു.

ശേഷമുള്ള അന്വേഷണത്തിലാണ് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പരിശോധനയില്‍ വ്യക്തമായി.

ഇയാള്‍ കുട്ടിയെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
പോക്‌സോ വകുപ്പിന് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റുവകുപ്പുകളും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here