കഴക്കൂട്ടം :ഉറങ്ങിക്കിടന്ന യുവതിയെ അര്‍ദ്ധരാത്രി ജനലിലൂടെ കയ്യിട്ട് പിടിച്ച് ശല്ല്യപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കഴക്കൂട്ടം കിഴക്കുംഭാഗം പുത്തന്‍വീട്ടില്‍ മുരുകേശനാണ് പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടത്ത് ഓട്ടോ ഡ്രൈവറാണ് ഇയാള്‍. ടെക്നോപാര്‍ക്കിലെ ജീവനക്കാരികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് പുറത്താണ് ഇയാള്‍ രാത്രി ശല്ല്യം ചെയ്യാനായെത്തിയത്.
തക്കസമയത്ത് യുവതിയുടെ കൃത്യമായ ഇടപെടലുകളാണ് പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. പുറത്ത് അസഹ്യമായ ചൂട് കാരണം യുവതി ജനലിന്റെ വാതിലുകള്‍ തുറന്നിട്ടാണ് കിടന്നിരുന്നത്. മുറിയില്‍ ഒപ്പം കഴിയുന്ന മറ്റൊരു പെണ്‍കുട്ടി നാട്ടില്‍ പോയിരിക്കുകയായിരുന്നു.
അതു കാരണം യുവതി മുറിയില്‍ തനിച്ചായിരുന്നു. ജനാലയ്ക്കരികില്‍ ഒളിഞ്ഞിരുന്ന പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നു പിടിക്കാന്‍ ആരംഭിച്ചു. എന്നാല്‍ യുവതി കുതറി മാറാന്‍ ശ്രമിച്ചതോടെ ഇയാള്‍ ബലപ്രയോഗം ആരംഭിച്ചു. ഇതേ തുടര്‍ന്ന് കട്ടിലിന് അരികില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടി ഇയാളുടെ കയ്യില്‍ കുത്തി.
ഇതിന് ശേഷം മൊബൈലില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങളെടുത്തു. ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പൊലീസിന് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. യുവതി ഉറങ്ങുവാനായി താന്‍ ഏറെ നേരം സണ്‍ഷൈഡില്‍ കാത്തിരുന്നതായും ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തി.