തൃശ്ശൂരില്‍ പട്ടാപ്പകല്‍ യുവാവിനെ തീ കൊളുത്തി

മൂന്നുമുറി :പെട്രോള്‍ പമ്പിനകത്ത് വെച്ച് യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്ത്യന്‍ ഓയിലിന്റെ തൃശ്ശൂരിലെ മൂന്നുമുറിയിലുള്ള പെട്രോള്‍ പമ്പിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തൃശ്ശൂര്‍ മുപ്ലിയം സ്വദേശി ദിലീപാണ് ആക്രമണത്തിന് ഇരയായത്. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ട കരിമണി വിനീതാണ് യുവാവിന്റെ ശരീരത്തില്‍ പട്ടാപ്പകല്‍ പെട്രോളൊഴിച്ച്  തീകൊളുത്തിയത്.

20 ശതമാനത്തോളം പൊള്ളലേറ്റ ദിലീപ് ഉടന്‍ തന്നെ ഓടി അടുത്തുള്ള തോട്ടില്‍ ചാടി. ഇത് കാരണമാണ് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ദിലീപും ഒരു സുഹൃത്തുമായിരുന്നു പെട്രോള്‍ അടിക്കാന്‍ പോയത്. പെട്രോള്‍ അടിച്ചതിന് ശേഷം കയ്യിലുണ്ടായിരുന്ന 2000 രൂപയായിരുന്നു ഇവര്‍ ജീവനക്കാരന് കൊടുത്തത്. എന്നാല്‍ പമ്പ് ജീവനക്കാരുടെ കയ്യില്‍ ഇവര്‍ക്ക് തിരിച്ച് നല്‍കാന്‍ ആവശ്യത്തിന് നൂറു രൂപ നോട്ടുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പത്ത് രൂപ നോട്ടുകളടക്കമാണ് നല്‍കിയത്.

ഇത് എണ്ണി തിട്ടപ്പെടുത്തുന്നതിന് ഇടയിലാണ് കരിമണി വിനീത് പെട്രോള്‍ അടിക്കാനായി പമ്പിലെത്തിയത്. യുവാക്കളോട് ഇയാള്‍ വണ്ടി മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘പണം എണ്ണി തീരട്ടെ’ എന്നായിരുന്നു യുവാക്കളുടെ മറുപടി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉടലെടുത്തു. ഈ തര്‍ക്കം നടക്കുന്നതിനിടയിലാണ് ഒരു കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ കരിമണി വിനീത് ഇത് ദിലീപിന് നേര്‍ക്ക് ഒഴിച്ചത്.

ഉടന്‍ തന്നെ തീ കൊളുത്തുകയും ചെയ്തു. നിമിഷ നേരം കൊണ്ട് എന്താണ് സംഭവിച്ചതെന്ന് ജീവനക്കാര്‍ക്കും മനസ്സിലായില്ല. യുവാവിന്റെ ശരീരത്തില്‍ തീ ആളികത്തുവാന്‍ തുടങ്ങിയതോടെ കരിമണി വിനീത് സ്ഥലത്ത് നിന്നും തടി തപ്പി. തീ പെട്രോള്‍ പമ്പിലെ ടാങ്കിലേക്ക് കത്തിപടര്‍ന്നിരുന്നുവെങ്കില്‍ വന്‍ അപകടത്തിന്‍ തൃശ്ശൂര്‍ നഗരം സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. പ്രദേശത്ത് ഗുണ്ടായിസം കാട്ടി വിറപ്പിക്കാറുള്ള കരിമണി വിനീത് കടുത്ത തോതില്‍ കഞ്ചാവിന് അടിമയാണെന്നും നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here