പുലിമുരുകന്‍ സ്‌റ്റൈലില്‍ സിംഹത്തിന്റെ ഗുഹയില്‍ കയറി ; പിന്നീട് യുവാവിന് സംഭവിച്ചത്

ഇന്‍ഡോര്‍: പുലിമുരുകന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തോട് സാമ്യമുള്ള ഒരു യുവാവിനെ മധ്യപ്രദേശില്‍ കാണാം. ചിത്രത്തില്‍ പുലിയെ പിടികൂടാനുള്ള മോഹന്‍ലാലിന്റെ സാഹസം നാം കണ്ടതാണ്. എന്നാല്‍ കൈലേഷ് വര്‍മ എന്ന മുപ്പത്തിയെട്ടുകാരന് പ്രതികാരം തീര്‍ക്കാനുണ്ടായിരുന്നത് സിംഹങ്ങളോടാണ്. സിംഹങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് വലിയ മതില്‍ ചാടിക്കടന്ന് ഇയാള്‍ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറി. നാല് കുഞ്ഞുങ്ങളടക്കം ആറ് സിംഹങ്ങള്‍ ഈ സമയത്ത് കൂട്ടിലുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ മൃഗശാലയിലേക്കെത്തിയത്. ആരുടേയും ശ്രദ്ധയില്‍ പെടാതെ സിംഹക്കൂട്ടിലേക്കുള്ള ചെറിയ മതില്‍ ഇയാള്‍ ആദ്യം ചാടിക്കടന്നു. പിന്നീട് 18 അടിയോളം ഉയരത്തിലുള്ള കമ്പിവേലിയിലൂടെ ഇയാള്‍ പിടിച്ചു കയറി. എന്നാല്‍ ഇത് കണ്ട സന്ദര്‍ശകര്‍ ഉറക്കെ ബഹളമുണ്ടാക്കി. ഇതുകേട്ട് ഇവിടെയെത്തിയ അധികൃതര്‍ ഇയാളോട് താഴേക്ക് ഇറങ്ങാന്‍ പറഞ്ഞെങ്കിലും കൈലാഷ് കൂട്ടാക്കിയില്ല. സിംഹക്കൂട്ടിലേക്കിറങ്ങി ഇയാള്‍ സിംഹങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. അതേസമയം പുറമേ നിന്നൊരാള്‍ കൂട്ടിലേക്കെത്തിയതോടെ സിംഹങ്ങളും പരിഭ്രമിച്ചു. എന്നാല്‍ മുതിര്‍ന്ന സിംഹങ്ങള്‍ കുട്ടികളെ സംരക്ഷിക്കാനായി അവയുടെ സമീപത്തു തന്നെ നിന്നതിനാല്‍ കൈലാഷിനെ ആക്രമിക്കാന്‍ തുനിഞ്ഞില്ല. ഈ സമയം മൃഗശാല അധികൃതര്‍ സിംഹങ്ങളെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. തുടര്‍ന്ന് കൈലാഷിനെ ബലമായി പിടിച്ചു പുറത്തിറക്കി. ഇയാളെ അധികൃതര്‍ പൊലീസിനെ ഏല്‍പ്പിച്ചു. അതേസമയം തന്റെ ഗ്രാമത്തിലുള്ളവരെ സിംഹങ്ങള്‍ നിരന്തരമായി ആക്രമിക്കുകയാണെന്നും ഇതിന് പ്രതികാരം ചെയ്യാനാണ് താന്‍ സിംഹകൂട്ടില്‍ കയറിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here