ഈറോഡ്: 55 കാരന് പോസ്റ്റില്‍ പാഞ്ഞുകയറി ഇലക്ട്രിക് ലൈനിലൂടെ നടന്നു. ഈറോഡ് സ്വദേശി വാസിനാണ് ജീവന് പണയപ്പെടുത്തിയുളള സാഹസത്തിന് മുതിര്‍ന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഇടപെട്ട് ഉടന്‍ വൈദ്യുതി വിഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി.
ഈറോഡ് ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഈറോഡ് നിവാസിയായ വാസിന് ഏറെ നാളായി ബംഗളൂരുവിലാണ്.
രണ്ട് മക്കളും ഇദ്ദേഹത്തോടൊപ്പമാണെങ്കിലും ഭാര്യ പൊള്ളാച്ചിയിലാണ്. കഴിഞ്ഞ ദിവസം മക്കളുമൊത്ത് ഭാര്യയെ കാണാനായി പൊള്ളാച്ചിയിലേക്ക് യാത്ര തിരിച്ചതായിരുന്നു ഇയാള്‍. എന്നാല്‍ യാത്രാ മാധ്യേ ഇയാളില്‍ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഒരു പ്രാദശികാശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടു. അങ്ങിനെ ഇദ്ദേഹത്തെ ഈറോഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കി. എന്നാല്‍ ഇവിടെ നിന്ന് ഇയാള്‍ രക്ഷപ്പെട്ടോടി. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ വീണ്ടും പുറത്തിറങ്ങുകയും അടുത്തുള്ള പോസ്റ്റില്‍ പാഞ്ഞുകയറുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ ഇടപെട്ട് വൈദ്യുതി വിഛേദിച്ചു.
എന്നാല്‍ അതിനിടെ പോസ്റ്റിന് മുകളിലേക്ക് വലിഞ്ഞുകയറിയ ഇയാള്‍ ഇലക്ട്രിക്ക് ലൈനിന് മുകളിലൂടെ നടക്കാന്‍ തുടങ്ങി. അതിന്മേല് തൂങ്ങിയാടുകയും മറ്റും ചെയ്തുകൊണ്ടിരുന്നു.
ഇതേ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം താഴേക്ക് എടുത്തുചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു.