നോയിഡ: കാമുകനെ രക്ഷിക്കാന്‍ മകള്‍ പിടിച്ചു തള്ളിയ അച്ഛന് മരിച്ചു. മകളുടെ മുറിയില്‍ കാമുകനെ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിലാണ് നോയിഡ സ്വദേശിയായ വിശ്വനാഥ് സാഹു മൂന്നാം നിലയില്‍ നിന്നും വീണത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു ഇയാള്‍. ഞായറാഴ്ച നോയിഡയിലെ സെക്റ്റര്‍ 27ലാണ് സംഭവം. വിശ്വനാഥും ഭാര്യയും മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇടയ്ക്ക് ഉണര്‍ന്ന സാഹു മകള്‍ പൂജയുടെ മുറിയില്‍ ശബ്ദം കേട്ടു ചെന്നു.
മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് മകള്‍ക്കരികിലേക്ക് ചെന്ന സാഹു അവള്‍ക്കൊപ്പം കാമുകനും അയല്‍വാസിയുമായ ധര്‍മേന്ദ്രയെ കാണുകയും ഇത് വഴക്കിലെത്തുകയുമായിരുന്നു.
മൂവരും തമ്മിലുണ്ടായ കയ്യേറ്റത്തിനിടെ മകളുടെ കൈ തട്ടി സാഹു മൂന്നാം നിലയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സാഹുവിനെ സഫ്ദാര്‍ ജങ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്.
മകളുടേയും കാമുകന്റേയും പേരില്‍ വിശ്വനാഥിന്റെ ഭാര്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പൂജയെ അറസ്റ്റ് ചെയ്തു. കാമുകന് ധര്‍മേന്ദ്രയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.