അസാധാരണമായ മുട്ട കണ്ടെത്തി

കാന്‍ബെറ: സാധാരണ കോഴികള്‍ ഇടുന്ന മുട്ടകള്‍ക്ക് ഒക്കെ ഏകദേശം ഒരേ വലിപ്പമായിരിക്കും. എന്നാല്‍ ആസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ സ്‌റ്റോക്ക്മാന്‍ ഫാമില്‍ നിന്ന് ലഭിച്ചത് അസാധാരണമായൊരു മുട്ട.

സാധാരണ മുട്ടയേക്കാള്‍ മൂന്നിരട്ടി വലിപ്പമായിരുന്നു ഈ മുട്ടയ്ക്ക്. അതുമാത്രമല്ല, മുട്ട പൊട്ടിച്ചപ്പോഴായിരുന്നു ശരിക്കുള്ള അത്ഭുതം. മുട്ടയ്ക്കുള്ളില്‍ സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും കൂടി ഉണ്ടായിരുന്നു.

മുട്ട കര്‍ഷകനായ സിപ്പിയെന്ന ആള്‍ക്കാണ് ഫാമില്‍ നിന്ന് വലിയ മുട്ട ലഭിച്ചത്. അമ്പരപ്പിക്കുന്ന കണ്ടെത്തല്‍ ഫാം അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.

176 ഗ്രാം തൂക്കമുണ്ടായിരുന്നു ഈ മുട്ടയ്ക്ക്. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്. 1923ല്‍ തുടങ്ങിയ ഫാമില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്രയും വലിയ മുട്ട ലഭിച്ചത്. വലിയ മുട്ടയായതോണ്ട് നാല് മഞ്ഞക്കരു എങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ മുട്ട പൊട്ടിച്ചത്.

എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി അകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. സാധാരണഗതിയില്‍ രൂപപ്പെട്ട മുട്ടയിടാന്‍ കോഴി വൈകിയത് വലിയ മുട്ട രൂപപ്പെടാന്‍ സാഹചര്യമൊരുക്കിയിരിക്കാമെന്ന ഊഹത്തിലാണ് ആസ്‌ട്രേലിയയിലെ ചാള്‍സ് സ്റ്റുവര്‍ട് യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി സയന്‍സ് സ്‌കൂളിലെ അസോസിയേറ്റ് പ്രൊഫസര്‍ റാഫ് ഫ്രെയര്‍.

അതേസമയം റഷ്യന്‍ ബാബുഷ്‌ക പാവകളോട് സാദൃശ്യമുള്ളതിനാല്‍ വലിയ മുട്ടയെ വിദഗ്ദര്‍ ‘ബാബുഷ്‌ക മുട്ട’ എന്ന പേരാണ് വിളിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here