സച്ചിന്റെ മകളോട് അശ്ലീല പരാമര്‍ശം;തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിയും; യുവാവ് അറസ്റ്റില്‍

മുംബൈ : ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയും 32 കാരനുമായ ദേബ്കുമാര്‍ മൈറ്റിയെയാണ് പിടികൂടിയത്. ഇയാള്‍ സാറയെ അന്വേഷിച്ച് 20 തവണ സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. പിന്നാലെ പലകുറി വിവാഹാഭ്യര്‍ത്ഥനയും നടത്തി. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകുമെന്ന് സാറയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒരു മത്സരത്തിനിടെ സാറ പവലിയനില്‍ ഇരിക്കുന്നത് കണ്ടതുമുതലാണ് തനിക്ക് അവളോട് പ്രണയം തോന്നിയതെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അവളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചാണ് ഫോണില്‍ വിളിച്ചത്. സച്ചിന്റെ വസതിയിലെ നമ്പര്‍ സംഘടിപ്പിച്ച് 20 തവണയെങ്കിലും താന്‍ വിളിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ സാറയെ നേരില്‍ കണ്ടിട്ടില്ലെന്നും അയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.എന്നാല്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളതായാണ് ബന്ധുക്കള്‍ വിശദീകരിക്കുന്നത്. ഇയാള്‍ എങ്ങനെ ഈ കേസില്‍പ്പെട്ടുവെന്ന് അറിയില്ലെന്നും മാതാപിതാക്കളെ ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.അടുത്തിടെയാണ് യുവാവിന്റെ അച്ഛന്‍ മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് കഴിഞ്ഞ 8 വര്‍ഷമായി ഇയാള്‍ ചികിത്സ നടത്തി വരികയാണെന്നും ബന്ധുക്കള്‍ അറിയിക്കുന്നു. സാറ ടെന്‍ഡുല്‍ക്കറിനെ തന്റെ ഭാര്യയായി പ്രഖ്യാപിച്ചുകൊണ്ട് ഇയാള്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ട് . ഈ ഡയറി ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 32 കാരന്‍ നന്നായി ചിത്രം വരയ്ക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നറിയാന്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് സാറ പരാതി നല്‍കിയത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ വലയിലാക്കിയത്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here