23കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ഭോപ്പാല്‍: ഇരുപത്തിമൂന്നുകാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന പ്രതി പിടിയില്‍. അപരിചിതനായ യുവാവിനെ തള്ളിയിട്ട് കൊന്ന പ്രതിയുടെ കൊലയ്ക്ക് പിന്നിലെ കാരണം വിചിത്രമാണ്.

ഞാനെന്തായാലും മരിക്കാന്‍ പോവുകയാണ് അതുകൊണ്ട് തന്നെയും കൊന്നേക്കാം എന്ന് പറഞ്ഞായിരുന്നു അഹമ്മദാബാദ് സ്വദേശി റിതേഷിനെ ട്രെയിനില്‍ നിന്നും പ്രതി റിജു ചവിട്ടിയിട്ടത്.

സുഖി സെവാനിയ റെയില്‍വ സ്റ്റേഷനിലാണ് സംഭവം. കമയാനി എക്‌സ്പ്രസിലായിരുന്ന റിതേഷ് സുഹൃത്ത് സുമിത്തിനൊപ്പം ട്രെയിനിന്റെ വാതിലിനരികില്‍ ഇരിക്കുകയായിരുന്നു.

ഇരുവരും ഭോപ്പാലിലുള്ള സുഹൃത്തിന്റെ വിവാഹം കൂടാനുള്ള യാത്രയിലായിരുന്നു. ഇതേ ട്രെയിനിലെ യാത്രക്കാരനായിരുന്ന റിജു അഹമ്മദാബാദില്‍ നിന്ന് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം മടങ്ങുകയായിരുന്നു.

ബാത്‌റൂമില്‍ പോയി തിരിച്ചുവന്ന റിജു യാതൊരു പ്രകോപനവുമില്ലാതെ റിതേഷിനെ ചവിട്ടി താഴെയിടുകയായിരുന്നു. ഞാനെന്തായാലും മരിക്കുകയാണ് അതുകൊണ്ട് നിന്നെയും കൊന്നേക്കാം എന്ന് പറഞ്ഞാണ് ഇയാള്‍ ചവിട്ടിയിട്ടതെന്നും എന്താണെന്ന് മനസിലാകും മുമ്പ് എല്ലാ കഴിഞ്ഞിരുന്നെന്നും സുമിത്ത് പറഞ്ഞു.

റിതേഷും പ്രതിയും തമ്മില്‍ യാതൊരു മുന്‍പരിചയവുമില്ലെന്നും ഇവര്‍ തമ്മില്‍ ട്രെയിനില്‍ വെച്ച് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും സുമിത്ത് വ്യക്തമാക്കി. അതേസമയം ഇയാള്‍ക്ക് മാനസിക അസുഖങ്ങളൊന്നുമുള്ളതായി തോന്നുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here