സഹോദരിയുടെ ഭര്‍ത്താവിനെ സഹോദരന്‍ കൊന്നു

ന്യൂഡല്‍ഹി: സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ പതിനെട്ടുകാരന്‍ വെടിവച്ചുകൊന്നു. ഡല്‍ഹി മീറ്റ് നഗറിലാണ് സംഭവം. സഹോദരിയെ കൊലപ്പെടുത്താനും സഹോദരന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി അക്രമിനെ പോലീസ് അറസ്റ്റ് ചെയ്തു.

റുഖിയയുടെ ഭര്‍ത്താവ് മുഹമ്മദ് അത്തിഫിനെ (26)നെ വെടിവച്ചു കൊന്ന മുഹമ്മദ് അക്രം സഹോദരിക്ക് നേരെ തോക്കുചൂണ്ടിയെങ്കിലും കാഞ്ചി വലിക്കും മുന്‍പ് ഒരു സുഹൃത്ത് തോക്ക് പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അക്രമിനെ ഗാസിയാബാദിന് സമീപം ലോനിയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2017 ഏപ്രില്‍ 14നാണ് റുഖിയയും അത്തിഫും വിവാഹിതരായത്. മറ്റൊരു ജാതിയില്‍ പെട്ട അത്തിഫിനൊപ്പം റുഖിയ ഇറങ്ങിപ്പോവുകയായിരുന്നു. ഇവരുടെ ബന്ധം റുഖിയയുടെ കുടുംബം അംഗീകരിച്ചിരുന്നില്ല. പല തവണ വീട്ടുകാര്‍ കൊലപാതക ഭീഷണി മുഴക്കിയിരുന്നുവെന്ന് റുഖിയ പറയുന്നു.

അതുകൊണ്ടുതന്നെ വീട്ടുകാരുടെ കണ്ണില്‍പെടാതെയായിരുന്നു ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കുറച്ചുകാലമായി അക്രം ഇവരുമായി അടുത്തിരുന്നു. താന്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിച്ചിരുന്ന കോച്ചിംഗ് സെന്ററിലേക്ക് പല തവണ സഹോദരന്‍ ഇവരെ ക്ഷണിച്ചിരുന്നു.

സഹോദരന്റെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നാതിരുന്ന ഇവര്‍ ഞായറാഴ്ച രണ്ടുമണിയോടെ കോച്ചിംഗ് സെന്ററില്‍ എത്തുകയായിരുന്നു. സഹോദരിക്കും ഭര്‍ത്താവിനും ഭക്ഷണം വാങ്ങി നല്‍കിയ ശേഷം സംസാരിച്ചിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ബാഗില്‍ നിന്നും തോക്ക് എടുത്ത് അത്തിഫിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റുഖിയ പറയുന്നു.

കുടുംബത്തിന് മാനഹാനി വരുത്തിവച്ചു എന്ന് ആരോപിച്ചായിരുന്നു അക്രം വെടിവച്ചത്. ഇതിന് ശേഷം റുഖിയയേയും വെടിവെക്കാന്‍ ഒരുങ്ങിയെങ്കിലും അക്രമിന്റെ സുഹൃത്ത് തോക്ക് തട്ടിമാറ്റുകയായിരുന്നു.

അതേസമയം സഹോദരന് മാത്രമല്ല പിതാവ് മുഹമ്മദ് റഹിസുദ്ദീനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇത് തന്റെ കുടുംബത്തിലെ രണ്ടാമത്തെ ദുരഭിമാന കൊലയാണെന്നും സഹോദരി റുഖിയ ഖത്തൂണ്‍ പറഞ്ഞു. പ്രണയ വിവാഹത്തിന്റെ പേരില്‍ 18 വര്‍ഷം മുന്‍പ് തന്റെ ഒരു ബന്ധുവിനെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയതായി റുഖിയ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here