ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഒഡീഷ: കുടുംബക്കോടതി കെട്ടിടത്തിനുള്ളില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലെ സംബല്‍പൂരിലാണ് സംഭവം. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുമാറാണ് ഭാര്യ സഞ്ജിതാ ചൗധരി(18)യെ കൊലപ്പെടുത്തിയത്. സഞ്ജിതയുടെ അമ്മ ലളിതയെയും സഹോദരന്റെ മകന്‍ രണ്ടര വയസ്സുകാരനെയും ഇയാള്‍ കോടതിയില്‍ വച്ച് ആക്രമിച്ചു.

പ്രണയ വിവാഹമായിരുന്നു രമേശിന്റെയും സഞ്ജിതയുടേയും. പിന്നീട് രമേശ് തന്നെ ഉപദ്രവിക്കുന്നതായി ആരോപിച്ച് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങി പോയിരുന്നു. തുടര്‍ന്ന് സഞ്ജിതയെ തന്റെ കൂടെ വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് കോടതിയെ സമീപിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് സഞ്ജിത മാതാപിതാക്കളുടെ കൂടെ കോടതിയിലെത്തിയത്. എന്നാല്‍ മുന്‍കൂര്‍ പദ്ധതിയിട്ടപ്രകാരം കോടതിപരിസരത്തെത്തിയ സഞ്ജിതയെയും കുടുംബത്തെയും രമേശ് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജിതയെ പ്രതി പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സഞ്ജിതയെയും അമ്മയെയും കുട്ടിയെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ സഞ്ജിതയെ രക്ഷിക്കാനായില്ല. രമേശിനെ അറസ്റ്റ് ചെയ്‌തെന്നും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ലഭിച്ചെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here