അരുമയായ വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്റെ പരാതി; പൊലീസ് മകനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്തു. ശിവമംഗള്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെയാണ് മകന്‍ സന്താരി കൊലപ്പെടുത്തിയത്. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. 48കാരനായ സായിക്ക് ഏകദേശം ഒരു വര്‍ഷം മുന്‍പാണ് ജബ്ബുവിനെ കിട്ടിയത്. ജബ്ബു പിതാവിന്റെ ഓമനയായിരുന്നുവെങ്കിലും മക്കള്‍ക്ക് അതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കിടന്ന പന്ത് എടുത്തുവരാന്‍ നായയോട് സന്താരി നിര്‍ദേശിച്ചു. നായ അത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം. കത്തി കൊണ്ടാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്ത് പോയി തിരിച്ചെത്തിയ സായ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നായയെ കണ്ടു. തുടര്‍ന്ന് സൈക്കിളില്‍ ചത്ത നായയുമായി കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി മകനെതിരെ പരാതി കൊടുത്തു. പരാതിയെ തുടര്‍ന്ന് സന്താരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ അറസ്റ്റിന് ശേഷം ബുധനാഴ്ച വൈകിട്ട് നായയുടെ ജഡം വീടിന് പിന്നിലായി സായ് മറവ് ചെയ്തു. അതേസമയം അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് താന്‍ നായയെ കൊന്നതെന്ന് സന്താരി പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here