കാറില്‍ ലോക്ക് ചെയ്ത് യുവതിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി : 22 കാരനായ യൂബര്‍ ഡ്രൈവര്‍ യുവതിയെ കാറില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഡല്‍ഹിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സഞ്ജീവ് എന്ന അക്രമി പൊലീസ് പിടിയിലായി.

ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന യുവതി പരാതിയില്‍ പറയുന്നത് ഇങ്ങനെ. മാര്‍ച്ച് 9 ന് കുണ്ട്‌ലിയില്‍ നിന്ന് രോഹിണിയിലെ സെക്ടര്‍-3 യിലെ വീട്ടിലേക്ക് പോകാനായി യൂബര്‍ ബുക്ക് ചെയ്തു.

ചില ഒറ്റപ്പെട്ട വഴികളിലൂടെയായിരുന്നു വാഹനം ഓടിക്കൊണ്ടിരുന്നത്. തനിക്ക് പരിചിതമല്ലാത്ത ചില മേഖലകളിലൂടെയായിരുന്നു യാത്ര. സംശയം ബലപ്പെട്ടതോടെ യുവതി യൂബര്‍ ആപ്പ് പരിശോധിച്ചു.

അതില്‍ കാണിച്ച ഡ്രൈവറുടെ ചിത്രവുമായി വന്നയാള്‍ക്ക് സാമ്യതയില്ലായിരുന്നു. ഇതോടെ താന്‍ വഴിയില്‍ ഇറങ്ങുകയാണെന്ന് വ്യക്തമാക്കി. ഒരു ട്രാഫിക് സിഗ്നലില്‍ കാര്‍ നിര്‍ത്തിയതും ഇറങ്ങാന്‍ ശ്രമിച്ചു.

പക്ഷേ ഇയാള്‍ കാറിന്റെ ഡോറുകള്‍ ലോക്ക് ചെയ്യുകയും ഭീഷണിമുഴക്കുകയും ചെയ്തു. കുറച്ചുദൂരം കൂടി പിന്നിട്ട ശേഷമായിരുന്നു പീഡനം. എന്നാല്‍ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ലോക്ക് തുറന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സംഭവത്തോടെ ഡ്രൈവര്‍ ഒളിവില്‍ പോയി. യൂബര്‍ കമ്പനിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വഷണത്തില്‍ വാഹനം കഴിഞ്ഞദിവസം ഹരിയാനയിലെ സോണിപതിന് സമീപം ജന്തി കാളന്‍ എന്ന സ്ഥലത്ത് കണ്ടെത്തി.

ഈ സമയം യുവാവ് മദ്യലഹരിയില്‍ കാറില്‍ ഉറങ്ങുകയായിരുന്നു. ഇതോടെ ഇയാളെ പിടികൂടി. ഹരിയാനയിലെ ഗണ്ണ്വര്‍ സ്വദേശിയാണ് സഞ്ജു എന്ന സഞ്ജീവ്. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ല.

ഡ്രൈവറായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വാഹനത്തിന് വാണിജ്യ നമ്പര്‍ നേടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ കാര്‍ ഗ്ലാസിന് കൂളിങ് സ്റ്റിക്കര്‍ പതിക്കുകയും ചെയ്തിരുന്നു.

മതിയായ രേഖകളൊന്നുമില്ലാതെയാണ് ഇയാള്‍ യൂബറിന്റെ ഭാഗമായി വാഹനം ഓടിച്ചുകൊണ്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here