‘അക്കാരണങ്ങളാല്‍ വിവാഹമോചനം സാധ്യമല്ല’

മുംബൈ : ഭാര്യ പതിവായി വൈകിയുണരുകയാണെന്നും പാചകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദില്ലെന്നും കാണിച്ച് വിവാഹമോചനം തേടി ഭര്‍ത്താവ്. എന്നാല്‍ കുടുംബ കോടതിയും ഹൈക്കോടതിയും ഇദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു.

ഏറ്റവുമൊടുവില്‍ മുംബൈ ഹൈക്കോടതിയാണ് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയത്.ജസ്റ്റിസ് കെ കെ ടാറ്റഡ്, സാരങ്ക് കോട്വാള്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. മുംബൈ സാന്താക്രൂസ് സ്വദേശിയുടെ ഹര്‍ജി നേരത്തെ കുടുംബ കോടതി തള്ളിയിരുന്നു.

ഇത് ചോദ്യം ചെയ്ത് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെയ്ക്കുകയാണുണ്ടായത്. ഭാര്യ വൈകിയുണരുന്നതും സ്വാദുള്ള ഭക്ഷണമുണ്ടാക്കുന്നില്ലെന്നും കാണിച്ചുള്ള ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഭാര്യയ്‌ക്കെതിരെ തന്റെ പിതാവിന്റെ പ്രസ്താവനയാണ് ഇയാള്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയത്.രാവിലെ നേരത്തേ വിളിച്ചുണര്‍ത്തിയാല്‍ തന്നെയും തന്റെ മാതാപിതാക്കളെയും ഭാര്യ അസഭ്യം പറയുമെന്ന് ഇയാള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.

ജോലികഴിഞ്ഞ് വൈകീട്ട് 6 മണിയോടെ തിരിച്ചെത്തിയാല്‍ ഭാര്യ കിടന്നുറങ്ങുമെന്നും പിന്നീട് ഉണര്‍ന്ന് 8.30 ഓടെയേ രാത്രി ഭക്ഷണം പാചകം ചെയ്യൂവെന്നും ഭര്‍ത്താവ് ഉന്നയിക്കുന്നു. എന്നാല്‍ ഇതിന് സ്വാദുണ്ടാവുകയുമില്ല. താന്‍ ജോലി കഴിഞ്ഞ് വൈകിയെത്തുന്ന അവസരങ്ങളില്‍ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും ഭാര്യ വെച്ചുനീട്ടാറില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച യുവതി, താന്‍ ജോലിക്ക് പോകും മുന്‍പ് വീട്ടിലെ എല്ലാവര്‍ക്കുമുള്ള ഭക്ഷണം ഒരുക്കാറുണ്ടെന്ന് വ്യക്തമാക്കി.ഇക്കാര്യം സാധൂകരിക്കാന്‍ ബന്ധുക്കളുടെയും അയല്‍വാസിയുടെയും പ്രസ്താവനകളും തെളിവായി ഹാജരാക്കിയിരുന്നു.

എപ്പോള്‍ നോക്കിയാലും യുവതി വീട്ടുജോലിയുടെ തിരക്കിലായിരിക്കുമെന്ന് ഇവര്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തി.ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും തന്നെ മോശമായാണ് പരിഗണിക്കുന്നതെന്ന് യുവതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

വിശദമായി വാദം കേട്ട കോടതി ഭര്‍ത്താവിന്റെ ആവശ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചതിങ്ങനെ. പ്രസ്തുത സ്ത്രീ ജോലിക്കാരിയാണ്.വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതും പാചകം ചെയ്യുന്നതും ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കുന്നതുമെല്ലാം അവരാണ്.

കൂടാതെ മറ്റ് വീട്ടുജോലികളും നിര്‍വ്വഹിക്കുന്നു. ഈ സാഹചര്യത്തില്‍ ഭക്ഷണത്തിന് രുചി പോരെന്നും വൈകിയുണരുന്നുവെന്നും കുറ്റപ്പെടുത്തി ബന്ധം വേര്‍പിരിയണമെന്ന് ആവശ്യപ്പെടുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.

ജോലിക്ക് പോവുകയും അതിനൊപ്പം വീട്ടിലെ മുഴുവന്‍ ജോലിയെടുക്കുന്നതും എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാവുകയെന്ന് കോടതി ചോദിച്ചു. എപ്പോഴും ഭാര്യ തന്നെ വെള്ളമെടുത്ത് നല്‍കണമെന്ന് ശഠിക്കുന്നതെന്തിനെന്നും കോടതി ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here