വിറ്റ ഓഡി കാര്‍ മോഷ്ടിച്ച് തിരികെയെടുത്തു

ന്യൂഡല്‍ഹി: വിറ്റ ഓഡി കാര്‍ മോഷ്ടിച്ച് തിരികെയെടുത്ത യുവാവ് അറസ്റ്റില്‍. ആര്‍ട്ടിസ്റ്റിന് വിറ്റ ഓഡി കാര്‍ ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മോഷ്ടിച്ച സിവില്‍ എഞ്ചിനീയറായ മനോജ് സിംഗാള്‍ എന്നയാള്‍ക്കെതിരെ മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും കേസെടുത്തശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ കാശിപൂരില്‍ നിന്നാണ് മനോജിനെ പിടികൂടിയത്. മോഷ്ടിച്ച കാറും പിടിച്ചെടുത്തു.

സര്‍ഫറാസുദീന്‍ ഹസ്‌റത്ത് നിസാമുദീന്‍ എന്നയാളാണ് മനോജില്‍ നിന്നും കാര്‍ വാങ്ങിയത്. ടാക്‌സി കമ്പനിക്ക് വാടകയ്ക്ക് നല്‍കുന്നതിന് വേണ്ടിയാണ് സര്‍ഫറാസുദീന്‍ കാര്‍ വാങ്ങിയത്. മനോജ് നല്‍കിയ പരസ്യം കണ്ടാണ് ഇയാള്‍ ബന്ധപ്പെടുന്നത്. തുടര്‍ന്ന് 17,50,000 രൂപയ്ക്ക് കാര്‍ വില്‍ക്കാന്‍ ധാരണയായി. ആദ്യ ഗഡുവായി 50,000 രൂപ നല്‍കി കാര്‍ വാങ്ങിയ സര്‍ഫറാസുദീന്‍ 14 ലക്ഷം രൂപ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തു.

ബാക്കി മൂന്ന് ലക്ഷം രൂപ കൂടി നല്‍കിയാല്‍ കാര്‍ സര്‍ഫറാസുദീന്റെ പേരിലേക്ക് മാറ്റാനിരിക്കെയാണ് മനോജ് കാര്‍ മോഷ്ടിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട അന്ന് ബാക്കി തുകയ്ക്കുള്ള ബ്ലാങ്ക് ചെക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് കാര്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേതുടര്‍ന്ന് മനോജുമായി സര്‍ഫറാസുദീന്‍ ബന്ധപ്പെട്ടുവെങ്കിലും ഇനി വിളിക്കരുതെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ കാര്‍ മോഷണം സംബന്ധിച്ച് സര്‍ഫറാസുദീന്‍ പൊലീസില്‍ പരാതി നല്‍കി. ഇത് മനസിലാക്കിയ മനോജ് ബ്ലാങ്ക് ചെക്കില്‍ ബാക്കി തുകയായ മൂന്ന് ലക്ഷം രൂപയ്ക്ക് പകരം ആറ് ലക്ഷം രൂപ എഴുതി പിന്‍വലിക്കുകയും ചെക്ക് മടങ്ങിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സര്‍ഫറാസുദീന്‍ തന്നെയാണ് കാര്‍ മോഷ്ടിച്ചതെന്ന് വരുത്തി തീര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. എന്നാല്‍ മനോജിന്റെ പരസ്പര വിരുദ്ധമായ മൊഴികളില്‍ പൊലീസിന് സംശയം തോന്നി. ഇതോടെ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ സത്യം പുറത്ത് വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here