ഇത് തഴമ്പല്ല; മാരക രോഗത്തിന്റെ ലക്ഷണമാണ്‌

കാനഡ : കൈത്തലത്തില്‍ ചെറിയൊരു കുരു രൂപപ്പെട്ടപ്പോള്‍ 27 കാരന്‍ ആദ്യമൊന്നും കാര്യമാക്കിയില്ല. എന്നാല്‍ ദിവസം ചെല്ലുന്തോറും അതിന്റ വലിപ്പം കൂടിക്കൂടി വന്നു. ആദ്യം ചുവന്ന നിറത്തിലായിരുന്ന തടിപ്പ് വൈകാതെ നീല നിറത്തിലേക്ക് മാറി. പിന്നാലെ വേദനയും ആരംഭിച്ചതോടെ ആശങ്കയേറി.

ഇതോടെയാണ് കാനഡ സ്വദേശിയായ യുവാവ് ഡോക്ടറെ സമീപിച്ചത്. യുവാവിന് പനിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടിരുന്നു. കുറച്ചുനാളുകളായി യുവാവ് രാത്രിയില്‍ വല്ലാതെ വിയര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനങ്ങള്‍ക്ക് 27 കാരനെ വിധേയനാക്കി.

ഒടുവില്‍ യുവാവിന് മാരകമായ എന്‍ഡോകാര്‍ഡൈറ്റിസ് എന്ന അണുബാധയാണെന്ന് കണ്ടെത്തി. ഇതുമൂലമാണ് കൈയില്‍ ധമനിവീക്കം ഉണ്ടായിരിക്കുന്നത്. വായയില്‍ രൂപപ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് സാല്‍വേറിയസ് എന്ന ഒരു തരം ബാക്ടീരിയ രക്തത്തില്‍ പ്രവേശിക്കുന്നതുകൊണ്ടാണ് ഈ അണുബാധയുണ്ടാകുന്നത്.

പ്രസ്തുത അണുബാധ ഹൃദയത്തെ ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം. ഹൃദയവാല്‍വുകളില്‍ വീക്കമുണ്ടായി രക്തപ്രവാഹം തടസപ്പെടും. വിദഗ്ധ പരിശോധനയില്‍, യുവാവിന്റെ കിഡ്‌നിയിലും പ്ലീഹയിലും കോശനശീകരണത്തിന്റെ സൂചനകളും കണ്ടെത്തി.

അണുബാധ കയ്യിലേക്കുള്ള രക്തക്കുഴലുകളില്‍ തടസം സൃഷ്ടിച്ചാണ് മുഴ രൂപപ്പെട്ടത്. ഉടനെ യുവാവിനെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അണുബാധ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കി. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് യുവാവിന് നേരിട്ട ഈ രോഗത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here