അച്ഛന്‍ 10 മിനുട്ട് ഇവിടെ ഇരിക്ക്; പറഞ്ഞ് പറ്റിച്ച് ക്ഷേത്രത്തിന് മുന്‍പില്‍ പിതാവിനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു

ചെന്നൈ: സ്വന്തം പിതാവിനെ പറഞ്ഞ് പറ്റിച്ച് ക്ഷേത്രത്തിന് മുന്‍പില്‍ ഉപേക്ഷിച്ച മകനെ തിരഞ്ഞ് പൊലീസ്. ചെന്നൈയിലെ വടപളനി മുരുകന്‍ ക്ഷേത്രത്തിന് മുന്‍പിലാണ് പ്രായമായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നു കളഞ്ഞത്. 68 കാരനായ ഗോപാലിനെ മകന്‍ സുബ്രഹ്മണ്യനാണ് ഉപേക്ഷിച്ചത്. ബുധനാഴ്ച രാത്രി വളരെ വൈകി ക്ഷേത്രത്തിന് മുന്‍പില്‍ കണ്ട ഗോപാലിനോട് വടപളനി ഇന്‍സ്‌പെക്ടര്‍ ജി ചന്ദ്രു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒറ്റയ്ക്കിരിക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് മകന്‍ തന്നോട് പത്ത് മിനുട്ടിനുള്ളില്‍ വരാമെന്ന് പറഞ്ഞ് കടന്നുകളഞ്ഞ കാര്യം ഗോപാല്‍ പൊലീസിനോട് പറയുന്നത്. ഓഹരി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യന്‍. ഗോപാല്‍ ടാക്‌സി കാറിലും സുബ്രഹ്മണ്യന്‍ സ്‌കൂട്ടറിലുമായാണ് അമ്പലത്തിന് മുന്നിലെത്തിയത്. ഗോപാലിനെ ഇറക്കിയ കാര്‍ പോയതിന് പിന്നാലെ പിതാവിന് ഇയാള്‍ ഭക്ഷണം വാങ്ങിക്കൊടുത്തു. തുടര്‍ന്ന് പെട്ടെന്ന് വരാം അച്ഛനിവിടെ ഇരിക്കൂവെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യന്‍ കടന്നുകളഞ്ഞത്. അവശനായ ഗോപാലിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതിന് ശേഷം മംഗഡുവിലെ അശരണ കേന്ദ്രത്തിലേക്ക് മാറ്റി. സുബ്രഹ്മണ്യനായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here