ഇന്ത്യ വിടാത്ത പ്രബിന്‍ ദുബായില്‍ കോടീശ്വരന്‍

ദുബായ് : ഗള്‍ഫില്‍ മലയാളികളെ തേടി കോടികളുടെ ഭാഗ്യമെത്തുന്നത് തുടരുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ മലയാളിയായ പ്രബിന്‍ തോമസ് ആറരക്കോടിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി. കേരളത്തില്‍ ഐടി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കാരനാണ് തൃശൂര്‍ സ്വദേശിയായ പ്രബിന്‍.

ഒരു മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനത്തുക. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറുമ്പോള്‍ 6,49,95,000 വരും. 265 സീരീസിലെ 0471 എന്ന ടിക്കറ്റിനാണ് സമ്മാനം. ഓണ്‍ലൈന്‍ വഴിയായിരുന്നു ഭാഗ്യ പരീക്ഷണം. ആദ്യ ശ്രമത്തില്‍ തന്നെ ആറരക്കോടി യുടെ ഭാഗ്യമെത്തുകയും ചെയ്തു.

നാട്ടില്‍വെച്ച് ലോട്ടറിയെടുക്കാറുണ്ട് നാല്‍പ്പതുകാരനായ പ്രബിന്‍. അതേസമയം വിദേശ ടിക്കറ്റില്‍ ആദ്യമായി ഭാഗ്യം പരീക്ഷിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന സമ്മാനം പ്രബിനെ തേടിയെത്തുകയും ചെയ്തു. ബിസിനസ് വിപുലപ്പെടുത്തുകയും ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങുകയുമാണ് ലക്ഷ്യമെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ചത് വിളിച്ചറിയിച്ചുകൊണ്ടുള്ള കോള്‍ വന്നപ്പോള്‍ ആരോ പറ്റിക്കാന്‍ പറയുകയാണെന്നാണ് കരുതിയത്. തുടര്‍ന്ന് തന്റെ ടിക്കറ്റ് നമ്പര്‍ ഓണ്‍ലൈനില്‍ പരിശോധിച്ച് സമ്മാനാര്‍ഹമായത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുകയായിരുന്നു വെന്നും പ്രബിന്‍ പറുന്നു.

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലും ഈ നാല്‍പ്പതുകാരന്‍ ഒരു കൈ നോക്കിയിട്ടുണ്ട്. രാജ്യത്തിനകത്ത് പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രബിന്‍ ഇതുവരെ ഇന്ത്യ വിട്ടുപോയിട്ടില്ല.

ഇനി വേണം വിദേശയാത്രകളെക്കുറിച്ചൊക്കെ ചിന്തിക്കാനെന്ന് ഇദ്ദേഹം പറയുന്നു. തുടര്‍ച്ചയായ രണ്ടാംദിനമാണ് ഗള്‍ഫില്‍ മലയാളികള്‍ക്ക് കോടികളുടെ ഭാഗ്യം കൈവരുന്നത്. കഴിഞ്ഞദിവസം അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here