ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടി മഞ്ജുവാര്യര്‍ സ്ഥാനാര്‍ത്ഥിയായെത്തുമെന്ന പ്രചരണം സജീവം

കോട്ടയം : എല്‍ഡിഎഫ് എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെ ഒഴിവുവന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. യുഡിഎഫില്‍ നിന്ന്,മണ്ഡലത്തെ മുന്‍പ് രണ്ട് തവണ പ്രതിനിധീകരിച്ച പിസി വിഷ്ണുനാഥ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും.മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വോട്ട് നില നേടാന്‍ കാരണക്കാരനായ പിഎസ് ശ്രീധരന്‍പിള്ളയെ തന്നെ ബിജെപി മത്സരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ എല്‍ഡിഎഫ്, നടി മഞ്ജുവാര്യരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന പ്രചരണം സജീവമാണ്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജുവുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നാണ് സൂചനകള്‍.സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ മഞ്ജു നേടിയ പ്രതിഛായയും സിനിമാ മേഖലയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പരിവേഷവും ഉയര്‍ത്തിക്കാണിക്കാം എന്നതാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത്.പൊതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടിയെ അവതരിപ്പിക്കാനാണ് നീക്കം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.അതേസമയം നഷ്ടപ്പെട്ടുപോയ യുഡിഎഫ് കോട്ട തിരിച്ചുപിടിക്കാന്‍ ആവനാഴിയിലെ സര്‍വ്വ ആയുധങ്ങളും പുറത്തെടുക്കാനാണ് യുഡിഎഫ് നീക്കം. 91 മുതലുള്ള ആറ് തെരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ തവണ മാത്രമാണ് യുഡിഎഫ് തോല്‍വിയറിഞ്ഞത്.7983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാമചന്ദ്രന്‍ നായര്‍ നിയമസഭയിലെത്തിയത്. അതേസമയം പിഎസ് ശ്രീധരന്‍പിള്ളയിലൂടെ ബിജെപി കഴിഞ്ഞ തവണ 42682 വോട്ടാണ് നേടിയത്. ഫലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരിനെ വീണ്ടും കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here