മോഡി സര്‍ക്കാരിനെതിരെ മന്‍മോഹന്‍

ഡല്‍ഹി :കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും നരേന്ദ്ര മോദിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളിലൂടെ കാശ്മീര്‍ പ്രശ്‌നം മുമ്പെങ്ങും ഇല്ലാത്ത വിധം ഗുരുതരമായിരിക്കുകയാണെന്ന് മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

വിഷയത്തില്‍ ജമ്മു-കാശ്മീരിലെ ബിജെപി-പിഡിപി സഖ്യത്തിനെതിരെയും മന്‍മോഹന്‍ സിങ് പേരെടുത്ത് പറയാതെയും വിമര്‍ശനം ചൊരിഞ്ഞു. ഭരണ കാര്യങ്ങള്‍ നടത്തേണ്ട ചിറകുകള്‍ വ്യത്യസ്ഥ ദിശയിലേക്ക് പറക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മന്‍മോഹന്‍ സിങിന്റെ വിമര്‍ശനം. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും സംസ്ഥാനത്തിനകത്ത് നിന്നുള്ള സംഘര്‍ഷങ്ങളും കാരണം കശ്മീര്‍ അരക്ഷിതാവസ്ഥയിലാണ്. ഇതിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യുവാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കുകയും ഇതിന് ശേഷം രാജ്യത്തിന് മുന്നോട്ട് നയിക്കുകയും ചെയ്ത പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഇനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇവ പാര്‍ട്ടിക്ക് ചെയ്യുവാന്‍ കഴിയുമെന്ന് ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ സമ്പദ് ഘടന ബിജെപി തകിടം മറിച്ചതായും രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപിക്ക് രണ്ട് ലക്ഷം തൊഴില്‍ പോലും സൃഷ്ടിക്കാനായിട്ടില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here