നിപാ താണ്ഡവത്തില്‍ സങ്കടക്കടലില്‍ മറിയം

Photo Courtesy: Manorama

കോഴിക്കോട് : രണ്ട് മക്കളെ കൂടാതെ ഭര്‍ത്താവിനെയും നിപാ ബാധ കവര്‍ന്നതോടെ സങ്കടത്തുരുത്തിലായിരിക്കുകയാണ് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മറിയം. സഹോദരങ്ങളെയും പിതാവിനെയും നഷ്ടപ്പെട്ട വേദനയില്‍ നീറി ഇവരുടെ ഏക മകനും.

നാളുകളായി ജീവനുവേണ്ടി മല്ലടിച്ചിരുന്ന ഭര്‍ത്താവ് മൂസ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കളായ സാബിത്തിനെയും സാലിഹിനെയും നിപാ നേരത്തേ കവര്‍ന്നിരുന്നു.

5 വര്‍ഷത്തിനിടെ മൂന്ന് മക്കളെയും ഭര്‍ത്താവിനെയും നഷ്ടമായ ദുരന്തത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് മറിയം. ഇടിത്തീ പോലെയാവര്‍ത്തിക്കപ്പെടുന്ന മരണങ്ങളില്‍ നെഞ്ചിടിഞ്ഞ് മകനും.

2013 ല്‍ ഒരു വാഹനാപകടത്തില്‍ മുഹമ്മദ് സലീം എന്ന മകനെ ആദ്യം നഷ്ടമായി. ഇപ്പോള്‍ ഭര്‍ത്താവിനെയും രണ്ട് മക്കളെയും നിപാ ബാധ കവര്‍ന്നു. അതേ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മൂസയുടെ സഹോദര ഭാര്യയും മരണപ്പെട്ടു.

മൂസ ആരോഗ്യനില വീണ്ടെടുക്കുമെന്ന പ്രത്യാശയിലായിരുന്നു ഇവര്‍. പക്ഷേ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് ആ വിയോഗ വാര്‍ത്ത ഇവരെത്തേടിയെത്തിയത്.

മരണവീടുകളില്‍ നിന്ന് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന പ്രചരണത്തെ
തുടര്‍ന്ന് അയല്‍ക്കാരില്‍ പലരും വീടൊഴിഞ്ഞുപോയിരിക്കുകയാണ്.എങ്ങനെയാണ് ഇവരെ ആശ്വസിപ്പിക്കുകയെന്നന്നറിയാതെ ഉഴലുകയാണ് ബന്ധുക്കളും നാട്ടുകാരും.

LEAVE A REPLY

Please enter your comment!
Please enter your name here