ഈ ഫോട്ടോ വൈറലാകുന്നതിന് പിന്നിലെ കഥ

ബെയ്ജിങ്: സിനിമയിലേത് പോലെയാണ് ഈ ദമ്പതികളുടെ കഥ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫോട്ടോയെടുക്കുമ്പോള്‍ ഈ യുവതി ഒരിക്കലും വിചാരിച്ച് കാണില്ല, തന്റെ ജീവിതത്തിലെ അത്യപൂര്‍വമായ ചിത്രമാണിതെന്ന്.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ഫോട്ടോ. ചൈനയിലാണ് സംഭവം. കിംഗ്ഡാവോയിലെ ചുവന്ന ശില്‍പ്പ ചക്രത്തിന് മുന്‍പില്‍ ഇരുന്ന് ഒരു ഫോട്ടോയെടുത്തതാണ് സ്യൂ എന്ന യുവതി.

തൊട്ട് പിറകിലായി കുറച്ച് പേര്‍ ഇരിക്കുന്നതോ ഒരാള്‍ നടന്നുപോകുന്നതോ ഒന്നും യുവതി ശ്രദ്ധിച്ചിട്ടേയില്ല. 2000ത്തിലാണ് സ്യൂ ഈ ഫോട്ടോയെടുത്തത്. 2011ല്‍ സുഹൃത്തുക്കള്‍ വഴി യീ എന്ന ചെറുപ്പക്കാരന്‍ സ്യൂവിനെ കണ്ടുമുട്ടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

എന്നാല്‍ ഈ മാസം മാര്‍ച്ച് 4നാണ്‌ യാദൃശ്ചികമായി സ്യൂവിന്റെ പഴയ ഫോട്ടോകള്‍ യീ കാണുന്നത്. ശില്‍പ്പ ചക്രത്തിന് മുന്‍പില്‍ സ്യൂ ഇരിക്കുന്ന ഫോട്ടോയില്‍ ഒരു നിമിഷം ഇയാളുടെ കണ്ണ് പതിച്ചു.

പുറകിലായി നില്‍ക്കുന്നത് താനല്ലേയെന്ന് യീക്ക് തോന്നി. അദ്ദേഹം ശരിക്കും അത്ഭുതപ്പെട്ടു. ഉടന്‍ തന്നെ താന്‍ ടൂര്‍ പോയപ്പോഴുള്ള ഫോട്ടോകള്‍ യീ തിരഞ്ഞു. അതില്‍ നിന്നും കിംഗ്ഡാവോയിലെ ചിത്രങ്ങളെടുത്ത് പരിശോധിച്ച് നോക്കി. അതെ അന്ന് എടുത്ത ചിത്രമാണ് ഇതെന്ന് യീ തിരിച്ചറിഞ്ഞു.

ശില്‍പ്പ ചക്രത്തിന് മുന്‍പില്‍ നിന്ന് യീയും ഒരു ഫോട്ടോയെടുത്തിരുന്നു. യീ രണ്ട് ഫോട്ടോകളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു. എല്ലാവരും ശരിക്കും ഞെട്ടി.

എന്നാല്‍ വിധിയുടെ ശക്തിയാണ് ഇത്, രണ്ടുപേരും ഒരുമിച്ച് ജീവിക്കേണ്ടവരാണെന്ന് നേരത്തേ നിശ്ചയിക്കപ്പട്ടതാണെന്നൊക്കെ അവര്‍ പ്രതികരിച്ചു. എന്തായാലും രണ്ട് ഫോട്ടോയും സൂക്ഷിച്ച് വെച്ചിരിക്കുകയാണ് ഇവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here