ലോഡ്ജില്‍ നിന്നും റെയ്ഡിനിടെ പിടികൂടിയ സ്ത്രീയുടെ ചിത്രം ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മാവേലിക്കര സ്വദേശി ലതയും ഭര്‍ത്താവ് മനോഷുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മാവേലിക്കരയിലെ ലോഡ്ജില്‍നിന്നും റെയ്ഡിനിടെ പിടികൂടിയതെന്ന പേരില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഇവരുടെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിച്ചതിനാലാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. സ്ത്രീ മാവേലിക്കര ഉമ്പര്‍നാട് സ്വദേശി ലതാ മനോഷാണെന്നും ചിത്രത്തിനൊപ്പം സൂചിപ്പിക്കുന്നു. ഒരു മാസം മുമ്പാണ് ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ലതയോ സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന മനോഷോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇവരുടെ വീടിനടുത്തുള്ള യുവാക്കള്‍ അംഗങ്ങളായ പുണ്യാളന്‍സ് എന്ന വാട്‌സ് ഗ്രൂപ്പില്‍ വരെ ഫോട്ടോകള്‍ പ്രചരിച്ചിരിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു സംഭവം ഇവരറിയുന്നത്. മാനസികമായി തകര്‍ന്ന ലത വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായി. നാണക്കേട് ഭയന്ന് കുട്ടികള്‍ സ്‌കൂളിലും പോകാതായി. ഇതോടെ സംഭവം അറിഞ്ഞ് മനോഷ് നാട്ടിലെത്തി. ഇരുവരും കുറത്തിയാട് പൊലീസില്‍ പരാതി നല്‍കി. പുണ്യാളന്‍സ് എന്ന വാട്‌സ് ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here