പലസ്തീനോട് സ്വരം കടുപ്പിച്ച് എംബിഎസ്

റിയാദ് : പലസ്തീനെതിരെ കടുത്ത നിലപാടുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീന്‍ ഒന്നുകില്‍ ട്രംപിന്റെ സമാധാന ഉടമ്പടി അംഗീകരിക്കണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും എംബിഎസ് പറഞ്ഞു.

അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ പലസ്തീന്‍ നേതൃത്വം തയ്യാറാവുകയാണ് വേണ്ടത്. അല്ലെങ്കില്‍ പരാതി പറച്ചില്‍ അവസാനിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തെ വാക്കുകള്‍.

മാര്‍ച്ച് 27 ന് ന്യൂയോര്‍ക്കില്‍ നടന്ന രഹസ്യ ചര്‍ച്ചക്കിടെയായിരുന്നു എംബിഎസിന്റെ രോഷപ്രകടനമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ മാധ്യമമായ ചാനല്‍ ടെന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കന്‍ ഉന്നതരെ ഉദ്ധരിച്ചാണ് ചാനല്‍ ടെന്നിന്റെ വാര്‍ത്ത. പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെതിരെയും എംബിഎസ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതായി ചാനല്‍ ടെന്‍ പറയുന്നു.

വര്‍ഷങ്ങളായി സമാധാനത്തിനുള്ള അവസങ്ങളെല്ലാം പലസ്തീന്‍ നേതൃത്വം കളഞ്ഞുകുളിച്ചു. സമാധാനം പുനസ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളെല്ലാം പലസ്തീന്‍ അവഗണിക്കുകയുമാണ് ചെയ്യുന്നതെന്നും എംബിഎസ് യോഗത്തില്‍ പരാമര്‍ശിച്ചതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ നിശ്ചയിച്ച് അമേരിക്ക പ്രഖ്യാപനം നടത്തിയിരുന്നു. ഇത് അമേരിക്കക്കെതിരായ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ അമേരിക്ക മുന്നോട്ടുവെയ്ക്കുന്ന സമാധാന നടപടികളെ പലസ്തീന്‍ പിന്‍തുണയ്ക്കണമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെടുന്നത്. ജെറുസലേമിനെ ഒഴിവാക്കി വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും മധ്യത്തിലൂടെ പലസ്തീന്‍ താല്‍ക്കാലിക അതിര്‍ത്തി നിശ്ചയിക്കണം.

പലസ്തീനുവേണ്ടി ചില പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രത്യേക ജറുസലേം പട്ടണം തയ്യാറാക്കണം. ഇവയാണ് അമേരിക്ക മുന്നോട്ടുവെയ്ക്കുന്ന സമാധാന ഉടമ്പടിയിലെ പ്രധാന നിര്‍ദേശങ്ങള്‍. സ്വന്തം മണ്ണില്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന എംബിഎസിന്റെ പ്രസ്ഥാവനനേരത്തേ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here