‘ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ട്‌’

വാഷിങ്ടണ്‍ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇസ്രയേല്‍ അനുകൂല പരാമര്‍ശത്തില്‍ അമ്പരന്നിരിക്കുകയാണ് അറബ് ലോകം. ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന.

അമേരിക്ക ആസ്ഥാനമായുള്ള അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ലോകത്ത് എവിടെയായാലും ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സമാധാനപൂര്‍വം ജീവിക്കാന്‍ അവകാശമുണ്ട്.

പാലസ്തീനും ഇസ്രയേലിനും അവരവരുടെ ഭൂമിയില്‍ അവകാശമുണ്ട്. അതിനായി ഒരു സമാധാന ഉടമ്പടിയുണ്ടാകണം. ജൂതന്‍മാരുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. പ്രവാചകന്‍ ജൂത സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയ സമ്പദ് വ്യവസ്ഥയാണ് ഇസ്രയേലിന്റേത്. സൗദിക്ക് ഇസ്രയേലുമായി സഹകരണം സാധ്യമാകുന്ന നിരവധി വിഷയങ്ങളുണ്ട്. സമാധാനം സാധ്യമായാല്‍ ജിസിസി രാജ്യങ്ങള്‍ക്കും ഈജിപ്ത് ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളുണ്ട്.

തങ്ങള്‍ക്ക് ഇസ്രയേലിന്റെ മതപരമായ അസ്തിത്വത്തോട് എതിര്‍പ്പില്ല. ഒരു രാജ്യത്തിന്റ നിലനില്‍പ്പിനും തങ്ങള്‍ എതിരല്ല, അതേസമയം ജെറുസലേമിലെ വിശുദ്ധ മസ്ജിദും പലസ്തീന്‍ പൗരന്‍മാരുടെ സുരക്ഷിതത്വവും തങ്ങളുടെ ഉത്കണ്ഠയാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയും ഇസ്രയേലും തമ്മില്‍ നിലവില്‍ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ല. എന്നാല്‍ ഉഭയകക്ഷി ധാരണകള്‍ക്ക് സൗദി ഒരുക്കമാണെന്ന സൂചന നല്‍കുന്ന തരത്തിലായിരുന്നു എംബിഎസിന്റെ പ്രസ്താവന.

ഇത് അറബ് ലോകത്ത് ഞെട്ടലുളവാക്കിയിട്ടുണ്ട്. ഏറ്റവും മോശം സമയത്താണ് എംബിഎസിന്റെ ഇസ്രയേല്‍ അനുകൂല പ്രസ്താവനയെന്നാണ് അഭിപ്രായമുയരുന്നത്. ഇസ്രയേല്‍ സൈന്യം 17 പലസ്തീനികളെ കൊന്നൊടുക്കിയത് ദിവസങ്ങള്‍ മാത്രം മുന്‍പാണ്.

ഗാസ അതിര്‍ത്തിയില്‍ സമാധാനപരമായി റാലി നടത്തുകയായിരുന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെ ഇസ്രയേല്‍ അനുകൂല പരാമര്‍ശങ്ങള്‍ എംബിഎസില്‍ നിന്നുണ്ടായത് അനുചിതമായെന്നാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here